സംസ്ഥാനത്ത് ഹര്‍ത്താല്‍ പെരുമഴ തീര്‍ത്ത് ബിജെപി; ജനജീവിതം സ്തംഭിപ്പിച്ച് കളിക്കുന്നത് കൂടുതലും പ്രാദേശികമായി

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടിയായി ബിജെപി. നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ആയ രാജഗോപാലിന്റെ മണ്ഡലമായ നേമത്ത് ഇന്ന് നടത്തുന്നതും കൂട്ടി ഈ വര്‍ഷം 13 ഹര്‍ത്താലുകള്‍ ബിജെപി നടത്തിയിട്ടുണ്ട്. പലതും ചെറിയ പ്രാദേശിക ഹര്‍ത്താലുകളായിരുന്നു. ജനജീവിതം സ്ംഭിപ്പിക്കുന്നതില്‍ ബിജെപി മറ്റുള്ളവരില്‍ നിന്നും ബഹുദൂരം മുന്നില്‍ പോയിക്കഴിഞ്ഞു.

സംസ്ഥാന ഹര്‍ത്താലുകള്‍ ഒഴിവാക്കി പ്രദേശിക ഹര്‍ത്താലുകളാണ് കൂടുതലും 2017 ല്‍ സംസ്ഥാനത്ത് നടന്നത്. മട്ടന്നൂരില്‍ ഏപ്രില്‍ 20നു നടന്ന ഡെങ്കിപ്പനിയ്‌ക്കെതിരെയുള്ള ഹര്‍ത്താലും പൊലീസിനെ കണ്ട് രക്ഷപ്പെടാനോടിയ യുവാവ് വീണു മരിച്ചതുമായി ബന്ധപ്പെട്ടു കാസര്‍ഗോഡു നടത്തിയ ഹര്‍ത്താലും നടന്നത് പ്രാദേശിക തലത്തിലാണ്. ഇതില്‍ ആദ്യത്തേത് യുഡിഎഫ് നടത്തിയപ്പോള്‍ രണ്ടാമത്തേത് നടത്തിയത് ബിജെപിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ നാല് മാസത്തിനിടെ 27 ഹര്‍ത്താലുകള്‍ നടന്നുവെന്ന് ഹര്‍ത്താല്‍ വിരുദ്ധമുന്നണി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പ്രതിപക്ഷമായ യുഡിഎഫ് നാല് ഹര്‍ത്താലുകളാണു നടത്തിയത്. എല്‍ഡിഎഫ് മൂന്നു ഹര്‍ത്താലുകള്‍ നടത്തിയപ്പോള്‍ മുസ്ലീംലീഗും കേരള കോണ്‍ഗ്രസ് (എം) ഉം ഓരോ ഹര്‍ത്താലുകള്‍ വീതം നടത്തി ഈ ലിസ്റ്റില്‍ കയറിപ്പറ്റി. ബാക്കി ആറ് ഹര്‍ത്താലുകള്‍ നടത്തിയത് മറ്റു സംഘടനകളാണ്.

ഇന്ത്യയില്‍ ആദ്യമായി ബന്ദ് നിരോധിക്കപ്പെട്ട കേരളത്തില്‍ 2005 മുതല്‍ 2012 വരെ നടന്ന ഹര്‍ത്താലിന്റെ കണക്കും ഹര്‍ത്താല്‍ വിരുദ്ധമുന്നണി പുറത്തു വിട്ടിട്ടുണ്ട്. ഈ കാലയളവില്‍ 363 ഹര്‍ത്താലുകളാണ് സംസ്ഥാനത്തു നടന്നത്. ഇതില്‍ 2008ല്‍ മാത്രം 184 ഹര്‍ത്താലുകള്‍ സംസ്ഥാനം കണ്ടു. 1997ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ബന്ദ് നിരോധിച്ചുവെങ്കിലും ഹര്‍ത്താല്‍ എന്ന മറുപേരോടെ ബന്ദ് വീണ്ടും ഇവിടെ സജീവമാകുകയായിരുന്നു. തുടര്‍ന്നു മറ്റു സംസ്ഥാനങ്ങളില്‍ ബന്ദ് നടത്തുമ്പോള്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ എന്ന പേരോടെ ‘ബന്ദ്’ തുടര്‍ന്നുവരികയാണ്.

ഇതിനിടെ 2015ല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് യുഡിഎഫ് സര്‍ക്കാര്‍ ഹര്‍ത്താല്‍ വിരുദ്ധ ബില്‍ കൊണ്ടുവന്നിരുന്നു. പ്രസ്തുത ബില്‍ ജനാധിപത്യവിരുദ്ധമെന്നും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമെന്നും ആരോപിച്ച് എല്‍ഡിഎഫ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ തടയുന്ന ബില്ലല്ല ഹര്‍ത്താല്‍ നിയന്ത്രണ ബില്ലാണ് കൊണ്ടുവന്നതെന്നായിരുന്നു യുഡിഎഫ് അതിനുമറുപടി പറഞ്ഞത്. പ്രസ്തുത ബില്‍ നിയമസഭയില്‍ പാസാക്കിയ യുഡിഎഫ് തന്നെയാണ് പ്രതിപക്ഷത്തായപ്പോള്‍ നാലുമാസത്തിനുള്ളില്‍ മൂന്നു ഹര്‍ത്താല്‍ നടത്തിയതെന്നുള്ളതാണ് കൗതുകകരം.

Top