നിയമസഭയിൽ ‘മിഷന്‍ 60’ മായി കോണ്‍ഗ്രസ്; ആകെ 90 സീറ്റ് ലക്ഷ്യമിട്ട് പദ്ധതി

തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ കേരളത്തിൽ പാർട്ടിയെ ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമായി അറുപത് സീറ്റെന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള ‘മിഷന്‍ 60’ മായി കോണ്‍ഗ്രസ്. ഇതിനായി  പ്രവർത്തനങ്ങൾ തുടങ്ങാൻ കേരള നേതാക്കളുമായി ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തു.

പാര്‍ട്ടിക്ക് മാത്രമായി 60 സീറ്റ് എന്നാണ് എഐസിസി പ്രതിനിധികളും കേരള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ലക്ഷ്യം. അശോക് ഗെലോട്ടും ജി പരമേശ്വരയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ഹൈക്കമാന്‍ഡ് പിടിമുറുക്കുമെന്നുറപ്പാണ്.

കോണ്‍ഗ്രസ്സിന്റെ മാത്രം ലക്ഷ്യം മിഷന്‍ 60 ആണ്. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കാന്‍ ഉറപ്പുള്ള സീറ്റുകള്‍, 50:50 സാധ്യതയുള്ള സീറ്റുകള്‍, തീരെ സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ വേര്‍തിരിക്കും. പകുതി സാധ്യത ജയത്തിലേക്കെത്തിക്കാനും തീരെ സാധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും.

പാര്‍ട്ടിക്ക് മാത്രം 60 കിട്ടിയാല്‍ പിന്നെ ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ സീറ്റും കൂട്ടിയാല്‍ ഭരണമെന്നാണ് പ്രതീക്ഷ. എഐസിസി സെക്രട്ടറിമാരായ വിശ്വനാഥനും പിവി മോഹനും ഐവാന്‍ ഡിസൂസയും സംസ്ഥാനത്ത് തുടര്‍ന്ന് മണ്ഡലതലത്തില്‍ ചര്‍ച്ച തുടരും. ബൂത്ത് തലം മുതലുള്ള മാറ്റം മുതല്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന അഭിപ്രായവും എഐസിസി പ്രതിനിധികള്‍ തേടും.

Top