രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍,സാരഥികളെ ഇന്നറിയാം

തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ സർക്കാരുകളെ ആരൊക്കെ ഭരിക്കുമെന്ന് ഇന്നറിയാം.  രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടന്ന എല്ലാ തദ്ദേശസ്‌ഥാപനങ്ങളിലെയും വോട്ടെണ്ണല്‍ ഇന്നുരാവിലെ എട്ടിനാരംഭിക്കും.നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന തദ്ദേശ തിരഞ്ഞടുപ്പു ഫലം ഉച്ചയോടെ പൂർത്തിയാകുമെന്നാണു കണക്കുകൂട്ടൽ. രാവിലെ എട്ടിനാണ് 244 കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കുക.ഉച്ചയ്‌ക്കു മൂന്നോടെ ഫലം പൂര്‍ണമായി അറിയാന്‍ കഴിഞ്ഞേക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ പറഞ്ഞു.

പോസ്റ്റൽ ബാലറ്റ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണു വോട്ടെണ്ണൽ. എട്ടരയ്ക്കു മുൻപ് ഗ്രാമപഞ്ചായത്തുകളുടെയും ഏറ്റവുമൊടുവിൽ, ഉച്ചയോടെ ജില്ലാ പഞ്ചായത്തുകളുടെയും ഫലമറിയാം. എട്ടു പോളിങ് ബൂത്തുകൾക്ക് ഒരു വോട്ടെണ്ണൽ മേശയെന്ന തരത്തിലാണു ക്രമീകരണം. ഓരോ പോളിങ് സ്റ്റേഷന്റെയും വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്‌ക്കു കൗണ്ടിങ് സൂപ്പർവൈസർമാർ ഫലം രേഖപ്പെടുത്തുകയും വൈബ്സൈറ്റിലേക്കു കൈമാറുകയും ചെയ്യും.
ഏറ്റവും കൂടുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എറണാകുളത്താണ്‌- 28 എണ്ണം. കുറവു വയനാടും-ഏഴ്‌. തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, തൃശൂര്‍- 24, പാലക്കാട്‌- 20, മലപ്പുറം- 27, കോഴിക്കോട്‌- 20, കണ്ണൂര്‍- 20, കാസര്‍ഗോഡ്‌-9 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക്‌ തലത്തിലുള്ള വിതരണ സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതാതു സ്‌ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും കേന്ദ്രങ്ങള്‍.
ബ്ലോക്ക്‌ തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ അതാതു ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാരും നഗരസഭകളില്‍ അതാത്‌ ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുമാണു സജ്‌ജീകരിക്കുന്നത്‌. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍തന്നെ തെരഞ്ഞെടുപ്പു കമ്മിഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കാന്‍ ട്രെന്‍ഡ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു.
എട്ടു പോളിങ്‌ സ്‌റ്റേഷനുകള്‍ക്ക്‌ ഒന്നെന്ന രീതിയിലായിരിക്കും കൗണ്ടിങ്‌ ടേബിളുകള്‍ സജ്‌ജീകരിക്കുക. പോസ്‌റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുക.
ഓരോ തലത്തിലെയും പോസ്‌റ്റല്‍ വോട്ടുകള്‍ അതാതു തലത്തിലെ വരണാധികാരികള്‍ എണ്ണും. ഒരു പഞ്ചായത്തിന്റെ കൗണ്ടിങ്‌ ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്‌ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്‍ട്രോള്‍ യൂണിറ്റുകളായിരിക്കും ആദ്യം സ്‌ട്രോങ്‌ റൂമില്‍നിന്ന്‌ ഏറ്റുവാങ്ങി വോട്ടെണ്ണല്‍ നടത്തുക. ഒന്നാം വാര്‍ഡ്‌ മുതല്‍ എന്ന ക്രമത്തില്‍ എണ്ണല്‍ ആരംഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തു വരണാധികാരി, വിവിധ ഗ്രാമപഞ്ചായത്ത്‌ കൗണ്ടിങ്‌ മേശകളില്‍നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്‌ഥാനത്തില്‍ ഓരോ ബ്ലോക്ക്‌ വാര്‍ഡിലെയും വോട്ടുകള്‍ ക്രമീകരിച്ച്‌ ആ ബ്ലോക്ക്‌ വാര്‍ഡുകളുടെ ഫലപ്രഖ്യാപനം നടത്തും.ഫലമറിയാന്‍ വെബ്‌സൈറ്റ്‌.തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ www.tren.dkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

കോർപറേഷൻ, നഗരസഭ അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 18നും, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 19നും നടക്കും. 12നു പുതിയ ഭരണസമിതികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലും പ്രതികൂല കാലാവസ്ഥയിലും കേരളത്തിലെ മുക്കാൽ പങ്ക് വോട്ടർമാരിലേറെ പോളിങ് ബൂത്തിലെത്തിയിരുന്നു. ഇവർ വിധിച്ചതെന്തെന്ന ആശങ്കയിലും ആകാംക്ഷയിലുമാണു മുന്നണികളും സ്ഥാനാർഥികളും.

Top