കടല്‍ കലിതുള്ളുന്നു: ദുരിതത്തിലായ കേരളത്തിന്റെ സൈന്യത്തിന് ആരുടെയും തുണയില്ല

കേരളത്തിന്റെ സൈനികര്‍ എന്ന് വിളിച്ച് നെഞ്ചിലേറ്റിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ദുരിതത്തില്‍ അവരോടൊപ്പം ആരുമില്ലാത്ത അവസ്ഥയാണ്. കേരള തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായതോടെയാണ് കേരളത്തിന്റെ സൈന്യം എന്നറിയപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പെരുവഴിയിലായത്. പലയിടത്തും വീടുകളും തീരദേശ റോഡുകളും െവള്ളത്തിലായി.

തങ്കശ്ശേരി പുലിമുട്ടില്‍ കൂറ്റന്‍ തിരമാല അടിച്ചുകയറി 17 വയസ്സുകാരനെ കാണാതായി. തങ്കശ്ശേരി സ്വദേശി ആഷിക്കിനെയാണു കാണാതായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞു പുലിമുട്ടില്‍ നടക്കാനിറങ്ങിയ മൂന്നംഗ സംഘത്തിനുമേല്‍ തിരമാല അടിച്ചുകയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു 2 പേര്‍ പരുക്കുകളോടെ രക്ഷപെട്ടു. ആഷിക്കിനു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.

കേരളത്തെ ഒന്നടങ്കം പ്രളയം വിഴുങ്ങിയതോടെ രക്ഷാകരം നീട്ടിയെത്തിയത് മല്‍സ്യത്തൊഴിലാളികള്‍ ആയിരുന്നു. കേടുപാടുകളും ബുദ്ധിമുട്ടും നോക്കാതെ വള്ളവുമായി അവര്‍ രംഗത്തിറങ്ങി. ഇതോടെ ആയിരങ്ങളാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ മഴയും ട്രോളിങ് നിരോധനവും ആയതോടെ കേരളത്തിന്റെ സൈന്യമെന്ന് എല്ലാവരും വിളിച്ച മല്‍സ്യത്തൊഴിലാളികളുടെ കാര്യം കഷ്ടത്തിലായി.

അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരദേശത്തെ ജനങ്ങള്‍ ദേശീയപാത ഉപരോധിച്ചു. കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തിനു സമീപമാണ് ഉപരോധം. ഇതിനെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഇവിടെയെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.

കടല്‍ഭിത്തിയില്ലാത്തതിനെത്തുടര്‍ന്ന് ചെല്ലാനം മറുവക്കാടും വെള്ളം കയറി. പ്രദേശത്തെ 50ഓളം വീടുകളിലാണ് വെള്ളം കയറിയത്. റോഡില്‍ 400 മീറ്ററോളം ദൂരത്തില്‍ വെള്ളമൊഴുകിക്കൊണ്ടിരിക്കുകയാണ്. റോഡില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതവും ഏറെക്കുറെ നിലച്ചു. പലയിടത്തും മുട്ടോളം വെള്ളം കയറി. ഇവിടെയും കടല്‍ഭിത്തി നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമില്ല.

ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളയിടങ്ങളില്‍ ജാഗ്രത പാലിക്കുകയും രാത്രിയാത്ര ഒഴിവാക്കുകയും വേണം. കനത്തമഴയില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച മൂന്നുപേര്‍ മരിച്ചിരുന്നു.

കടല്‍ക്ഷോഭം കനത്തതോടെ തെങ്ങുകള്‍ കടപുഴകുന്നത് തീരത്തെ പതിവു കാഴ്ചയാണ്. മലപ്പുറത്ത് മാത്രം 100ന് അടുത്ത് വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ ഇതാണ് അവസ്ഥ. ഒരു കൈ സഹായമില്ലാതെ കേരളത്തിന്റെ സൈന്യത്തിന് രക്ഷപെടാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഈ അവസരത്തില്‍ അവരെ സഹായിക്കാനായില്ലെങ്കില്‍ അത് കേരളത്തിന്റെ പരാജയമായിരിക്കും എന്ന് പറയാതെ വയ്യ.

Top