പ്രകടനം മികച്ചതാക്കിയാലേ സ്ഥാനമുള്ളൂ; കേരള ഘടകത്തിന് പരീക്ഷണത്തിന്റെ നാളുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിന് ആരംഭമായി. കാബിനറ്റ് റാങ്കുള്ള 25 പേരും സ്വതന്ത്ര ചുമതലയുള്ള 9 പേരും സഹമന്ത്രിമാരായി 24 പേരും ഉള്‍പ്പെടെ രണ്ടാം മോദി മന്ത്രിസഭയില്‍ 58 പേരാണു സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കു പിന്നാലെ രണ്ടാമനായി രാജ്‌നാഥ് സിങ്, മൂന്നാമനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ, നാലാമനായി നിതിന്‍ ഗഡ്കരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

തന്റെ രണ്ടാമൂഴത്തില്‍ കേരളത്തിനു സമ്മാനമായി വി.മുരളീധരനു മന്ത്രിസ്ഥാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍നിന്നു കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ആരൊക്കെ വരുമെന്ന കാര്യത്തിലായിരുന്നു ആശയക്കുഴപ്പം. വ്യാഴാഴ്ച രാത്രി സത്യപ്രതിജ്ഞ ചെയ്ത 58 മന്ത്രിമാരില്‍ വി.മുരളീധരന്‍ മാത്രമാണ് ആകെയുള്ള മലയാളി. അല്‍ഫോന്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും അവസരം ലഭിച്ചതു മുരളീധരനാണ്.

തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തോട് പ്രതിപത്തിയില്ലാത്ത നിലയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. വിജയിക്കും എന്ന് ഉറപ്പിച്ചിരുന്ന മൂന്ന് സീറ്റുകളെങ്കിലും കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെയൊന്നും എടുത്ത്പറയത്തക്ക വോട്ട് നേടാനായില്ലെന്നത് കേരള നേതൃത്വത്തെ കുഴയ്ക്കുകയാണ്. തിരുവനന്തപുരത്തെ കുമ്മനം രാജശേഖരന്റെ പരാജയത്തില്‍ വലിയ അസംതൃപ്തിയാണ് കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്.

Top