മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്‌ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ തെലുങ്കു കവി വരവര റാവു ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം. ഇവരെ സെപ്തംബര്‍ ആറ് വരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ രക്ഷയ്ക്ക് ആവശ്യമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ മഹാരാഷ്ട്ര ഹൈക്കോടതി വിമര്‍ശിച്ചു. അറസ്റ്റ് നടപടികളില്‍ വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് സാക്ഷികളെ ഉപയോഗിച്ചാണ് അറസ്റ്റ് എന്നും കോടതി കണ്ടെത്തി. അറസ്റ്റിന്റെയും ട്രാന്‍സിറ്റ് വാറന്റിന്റെയും നിയമസാധുത പരിശോധിക്കുമെന്നും കോടതി പറഞ്ഞു. പുണെയിലെ ഭീമ കൊരെഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിന്റെ 200-ാം വാർഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടർന്നു. വാർഷികാചരണത്തിന്റെ ഭാഗമായി ഡിസംബർ 31-ന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ ഈ കേസിൽ മലയാളിയായ റോണാ വിൽസൺ, സുധീർ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രാജീവ് ഗാന്ധി വധത്തിന് സമാനമായരീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടവരാണെന്നാണ് പുണെ പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രം. അഞ്ചുപേർക്കുമെതിരേ യു.എ.പി.എ. ചുമത്തി. പിന്നീട് കഴിഞ്ഞ ദിവസമാണ് വരവര റാവു, സുധ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെറീറ, ഗൗതം നവ്‌ലഖ എന്നിവരെ  ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തത്.

അന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം ഇവരുടെ പ്രസംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കുള്ളില്‍ അറസ്റ്റിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Top