സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍; 10% സംവരണം മുന്നാക്കക്കാരിലെ സാമ്പത്തികമായി പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് 

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നല്‍കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ ബുധനാഴ്ച്ചകളിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്. എന്നാല്‍ തിങ്കളാഴ്ച അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സാമ്പത്തിക സംവരണ വിഷയം 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി ഇതിലൂടെ ബിജെപി അവതരിപ്പിക്കുകയാണ്. കേരളത്തില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത്.

പാര്‍ലമെന്റ് സമ്മേളനം തീരാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. നാളത്തന്നെ സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നതാണ് സുപ്രീംകോടതി വിധി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുമ്പോള്‍ നിലവില്‍ സംവരണം ലഭിക്കുന്നവരുടെ ക്വാട്ടയില്‍ കുറവ് വരുത്താതെ ആകെ സംവരണം 60 ശതമാനമാക്കി ഉയര്‍ത്താനാണ് നീക്കം.

Top