മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം; ‘അച്ഛാ ദിന്‍’ വന്നത് പതഞ്ജലിക്ക്; യോഗ ഗുരുവിന്റെ ആസ്തി വര്‍ദ്ധിച്ചത് പത്തിരട്ടി

‘അച്ഛാ ദിന്‍’ എന്നതാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. മൂന്ന് വര്‍ഷം തികയ്ക്കുന്ന ഈ ഭരണം ആര്‍ക്കാണ് ഗുണപ്പെട്ടത് എന്ന അന്വേഷണത്തിലാണ് വിദഗ്ധര്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനത്തിലുള്ള വര്‍ദ്ധന പത്തിരട്ടിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2013 സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയായിരുന്ന പതഞ്ജലിയുടെ വരുമാനം ഇപ്പോള്‍ 10000 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

റോയിട്ടര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പതഞ്ജലിക്കു ഭൂമി നല്‍കിയതടക്കമുള്ള നടപടികളാണ് രാംണ്‍ദേവിന്റെ വരുമാനം ഉയര്‍ത്താന്‍ കാരണമായതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

മൂന്നൂറുകോടിയുടെ ഇളവാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭൂമി ഇടപാടിലുടെ ബാബാ രാംദേവിന് ലഭിച്ചത്. 2013ല്‍ 150 മില്യന്‍ ഡോളര്‍ അഥവ 1009.398 കോടി രൂപ വരുമാനമുണ്ടായിരുന്ന പതഞ്ജലി ഗ്രൂപ്പ് 2015 ആവുമ്പോഴേക്കും അതു 2083.558 ആയി വര്‍ധിപ്പിച്ചു. എന്നാല്‍ 2017 ആയപ്പോള്‍ അത് 10353.60 കോടി രൂപയായി മാറുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ വിപണി വില 260 കോടി രൂപ വരുന്ന 234 ഏക്കര്‍ സെസ് ഭൂമി പതഞ്ജലി നല്‍കിയത് 5.9 കോടി രൂപയാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. മധ്യപ്രദേശില്‍ 40 ഏക്കര്‍ ഭൂമി വാങ്ങിയപ്പോള്‍ നല്‍കിയത് വിപണി വിലയേക്കാള്‍ 80 ശതമാനം കുറവായതിനാല്‍ 64.75 കോടി രൂപയാണ് രാംദേവ് ലാഭം നേടിയത്. സൗജന്യ കരാര്‍ വ്യവസ്ഥയില്‍ അസമില്‍ 1200 ഏക്കര്‍ ഭൂമി നല്‍കിയ സംഭവവും റോയിട്ടേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരു കമ്പനിക്കും ഈ കാലയളവില്‍ ഇത്തരമൊരു വളര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹായം രാംദവിന്റെ പതഞ്ജലിക്കു ലഭിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

Top