ശക്തികാന്ത ദാസ്; നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ചുക്കാന്‍ പിടിച്ച മോദിയുടെ വലംകൈ, അറിയാം പുതിയ ആര്‍ബിഐ ഗവര്‍ണറെ…

ഡല്‍ഹി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ഇന്ന് പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് സ്ഥാനമേല്‍ക്കുന്നു. മോദിയുടെ വലം കൈയാണ് പുതിയ ഗവര്‍ണറായ ശക്തികാന്ത ദാസ്. നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ചുക്കാന്‍ പിടിച്ച ധനകാര്യ സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്.

നിലവില്‍ ധനകാര്യ കമ്മീഷന്‍ അംഗമാണ് അദ്ദേഹം. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലാണ് ശക്തികാന്തിന്റെ നിയമനം. നോട്ടു നിരോധനം നടപ്പാക്കിയ സമയത്ത് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

നേരത്തെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ഇദ്ദേഹം വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളിലും, തമിഴ്നാട് സര്‍ക്കാരിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയ അദ്ദേഹം അദ്ദേഹം നിരോധനത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ’ ഒരുവര്‍ഷത്തെ നോട്ട് നിരോധനം സമ്പദ് മേഖലയ്ക്ക് ഗണ്യമായ നേട്ടങ്ങള്‍ കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം ഈ ദിവസത്തെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രം’. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. നോട്ട് നിരോധന സമയത്ത് മോദിയെ ന്യായീകരിച്ച് എല്ലായിടത്തും സംസാരിച്ചത് അദ്ദേഹമായിരുന്നു.

ഒരു പതിറ്റാണ്ട് കാലത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പരോക്ഷ നികുതികള്‍ ഒരു കുടക്കീഴിലാക്കുന്നു ചരക്ക് സേവന നികുതി(ജിഎസ്ടി) നടപ്പിലാക്കുന്നതിലും മോദിക്ക് ശക്തമായ പിന്തുണ നല്‍കിയതും ശക്തികാന്ത ദാസ് ആയിരുന്നു. മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാറുമായി ഏറ്റുമുട്ടല്‍ ഇല്ലാതെ ആര്‍ബിഐയെ മുന്നോട്ട് നയിക്കാനാകുമെന്നാണ് പ്രതീക്ഷ.

Latest
Widgets Magazine