മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മുന്‍കാല പാക് സ്‌നേഹം ചൂണ്ടിക്കാട്ടി നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ

14

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെയും വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ രംഗത്ത്. തന്നെ രാജ്യദ്രോഹിയെന്ന് വിളിക്കാന്‍ ബിജെപിക്ക് എന്ത് യോഗ്യതയാണുള്ളത്. മോദിയെയും മോഹന്‍ ഭാഗവതിനെയും നിങ്ങള്‍ എന്താണ് വിളിക്കുകയെന്നും രമ്യ ചോദിക്കുന്നു.

ഇവരുടെ മുന്‍കാല പാക് ‘സ്നേഹം’ ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ രമ്യയുടെ പ്രതികരണം. പാകിസ്താന്‍ ഇന്ത്യയുടെ സഹോദരനാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ജീ പറയുന്നു. നരേന്ദ്ര മോഡിയുടെ പ്രശസ്തമായ പാക് സന്ദര്‍ശനം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.

പാകിസ്താനിലേക്ക് പോകുന്ന നരകതുല്യമാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെയാണ് രമ്യ പ്രതികരിച്ചിരുന്നത്. ഞായറാഴ്ച്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാക് പരാമര്‍ശം. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ രമ്യക്കെതിരെ മാണ്ഡ്യയില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. രമ്യയ്ക്കെതിരെ സോഷ്യല്‍ മീഡയകളിലൂടെ ബിജെപി, എബിവിപി അനുകൂലികളും രംഗത്തെത്തി.

പാകിസ്താനിലേക്ക് പോകുന്നത് നരക തുല്യമാണെന്നാണ് മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണ്. നമ്മളെ പോലുള്ളവരാണ് അവിടെയുള്ളത്. വ്യത്യാസമില്ല. ഇങ്ങനെയായിരുന്നു രമ്യയുടെ പ്രസ്താവന. അവര്‍ ഞങ്ങളെ നല്ല രീതിയില്‍ സ്വീകരിച്ചു. ഇസ്ലാമാബാദില്‍ നടന്ന സാര്‍ക്ക് യങ് പാര്‍ലമെന്റേറിയന്‍ കോണ്‍ഫറന്‍സില്‍ രമ്യ പങ്കെടുത്തിരുന്നു.

Top