നരേന്ദ്ര മോദി ഗുരുവയൂര്‍ നടയില്‍; ഒരു മണിക്കൂറോളം ദര്‍ശനം

ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ എത്തിച്ചേര്‍ന്നു. രാവിലെ 9.55-ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങിയത്. ബി.ജെ.പി. നേതാക്കളും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. കേരളീയ വേഷമായ മുണ്ട് ഉടുത്താണ് ഗുരുവായൂരിലെത്തിയത്.

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് പോകും. രാവിലെ 11.10 വരെയാണ് അദ്ദേഹം ദര്‍ശനം നടത്തുക. ഏകദേശം ഒരു മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തില്‍ ചെലവഴിക്കും.

രാവിലെ 8.55-ഓടെയാണ് പ്രധാനമന്ത്രി കൊച്ചിയില്‍നിന്ന് ഗുരുവായൂരിലേക്ക് യാത്രതിരിച്ചത്. ദക്ഷിണമേഖല നാവിക ആസ്ഥാനത്തെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലെത്തിയത്.

ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി എതിരേല്‍ക്കും. കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍നിന്ന് മടങ്ങുക. വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം 11.25-ന് ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്തെ സമ്മേളനത്തില്‍ പ്രധാനമന്ത്രി സംബന്ധിക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പരിസരത്തും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാങ് ഗ്ലൈഡേഴ്‌സ്, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടവിമാനം, ഹെലിക്യാം, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Top