സംസ്ഥാനത്ത് വ്യാപക അക്രമം; 266 പേര്‍ അറസ്റ്റില്‍!! പ്രതികള്‍ക്കായി ബ്രോക്കണ്‍ വിന്‍ഡോ ഓപ്പറേഷന്‍

തിരുവനന്തപുരം: ഹര്‍ത്താലിനിടെ അക്രമം കാട്ടിയതിന് ഇന്ന് 266 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും 334 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും ഡി.ജി.പി ലോക്നാഥ് ബെഹറ അറിയിച്ചു. അക്രമം കാട്ടിയവരെ അറസ്റ്റ് ചെയ്യാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

ഓപ്പറേഷന്‍ ‘ബ്രോക്കണ്‍ വിന്‍ഡോ’ എന്നപേരിട്ട പ്രത്യേക നടപടികളിലൂടെയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. വ്യാപാര സ്ഥാപനങ്ങള്‍ക്കും സി.പി.എം, സി.പി.ഐ ഓഫീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപക അക്രമമുണ്ടായി. പാലക്കാട് വിക്ടോറിയ കോളജ് വിദ്യാര്‍ത്ഥികളെ ബി.ജെ.പി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.

സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും പിടികൂടാന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പോലീസ് പ്രത്യേക ദൗത്യം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സേന അറിയിച്ചു. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും കടന്ന അക്രമികളെ തിരിച്ചറിയാനും പിടികൂടാനും അതാത് ജില്ലകളിലെ സ്പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും.

സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അക്രമികളുടെ വീടുകളിലും പരിശോധന നടത്തും. അക്രമികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കും. കുറ്റവാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ പ്രചരണവും വിദ്വേഷ പ്രചരണവും നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Top