വധശിക്ഷയ്ക്കു വിധിച്ച നിനോ മാത്യു ജയിലിലും കമ്പ്യൂട്ടര്‍ വിദഗ്ധന്‍

nino-mathew

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച നിനോ മാത്യു ജയിലിലും കമ്പ്യൂട്ടറിനു മുന്നില്‍. ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനായിരുന്ന നിനോ മാത്യുവിന് അവിടെ ചെയ്യുന്ന ജോലി തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും ലഭിച്ചു. ക്യാബിന്‍ ഇല്ലാത്ത കുറവു മാത്രമേ ഉള്ളൂ. നേരത്തെ നാലു മാസം വിചാരണത്തടവുകാരനായി ഇവിടെ ഉണ്ടായിരുന്നപ്പോഴും ഇതു തന്നെയായിരുന്നു ജോലി. ഇന്നലെ സെന്‍ട്രല്‍ ജയില്‍ കന്റീനിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചു.

സോഫ്റ്റ്വെയറിലും ഹാര്‍ഡ്വെയറിലും ഉള്ള വൈദഗ്ധ്യം കുറഞ്ഞ കൂലിയില്‍ പരമാവധി മുതലാക്കുകയാണു ജയില്‍ ഉദ്യോഗസ്ഥര്‍. നമ്പര്‍ പതിച്ച ജയില്‍വേഷം ധരിക്കുന്ന വ്യത്യാസം മാത്രമേ നിനോ മാത്യുവും പ്രകടിപ്പിക്കുന്നുള്ളു. ജയിലിനുള്ളില്‍ പ്രതിയുടേതു മാന്യമായ പെരുമാറ്റം തന്നെ. ജയിലിലെ ഒന്നാം നമ്പര്‍ ബ്ലോക്കില്‍ സാധാരണ തടവുകാരനായാണു നിനോയെ പാര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് എട്ടു തടവുകാര്‍ കൂടി ഇവിടെയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വധശിക്ഷയില്‍ ഇളവു വേണമെന്ന ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ ആന്റണി എന്ന പ്രതി മാത്രമാണ് ഇവിടെ ഏകാന്ത തടവുകാരന്‍. പുതിയ ജയില്‍ ചട്ടപ്രകാരം വധശിക്ഷ നടപ്പിലാക്കാന്‍ വിചാരണ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കുന്നതുവരെ ഇത്തരം തടവുകാരെ മറ്റു സാധാരണ ശിക്ഷാ പ്രതികളെ പോലെ കണക്കാക്കണമെന്നാണു ചട്ടമെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. നിനോ മാത്യുവിന്റെ ഹര്‍ജി മേല്‍ക്കോടതികളും രാഷ്ട്രപതിയും തള്ളി ശിക്ഷ നടപ്പിലാക്കാന്‍ കോടതി ബ്ലോക്ക് വാറന്റ് പുറപ്പെടുവിച്ചാലേ ഇയാളെയും ഏകാന്ത തടവുകാരനാക്കാന്‍ കഴിയുകയുള്ളു.

കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച നിനോ മാത്യുവിന്റെ കാമുകിയും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥയുമായ അനുശാന്തിയെ വനിതാ ജയിലിലാണു പാര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പം. അനുശാന്തിക്ക് ഇതുവരെ ജോലിയൊന്നും നല്‍കിയിട്ടില്ല. ഈ ജയിലില്‍ കമ്പ്യൂട്ടര്‍ പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ അതു ലഭിക്കാനും ഇടയില്ല. വനിതാ ജയിലിലെ ഏക ഇരട്ട ജീവപര്യന്തം തടവുകാരിയാണ് ഇവര്‍. അനുശാന്തിയുടേതും ജയിലില്‍ നല്ല പെരുമാറ്റമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.

Top