ബിഹാര്‍ ഭലം രാഹുല്‍ഗാന്ധിയുടെ അമ്മൂമ്മയുടെ നാടായ ഇറ്റലിയിലും പ്രതിഫലനം ഉണ്ടാക്കുമെന്നും അമിത് ഷാ

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാഹുല്‍ഗാന്ധിയുടെ അമ്മൂമ്മയുടെ നാടായ ഇറ്റലിയില്‍ പോലും പ്രതിഫലനം ഉണ്ടാക്കുമെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റാല്‍ പാക് തീവ്രവാദികള്‍ പടക്കംപൊട്ടിച്ച് ആഘോഷിയ്ക്കുമെന്നും അമിത് ഷാ. മഹാസഖ്യം ജയിച്ചാല്‍ രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകള്‍ ആഘോഷിയ്ക്കുമെന്നും ബഗാഹ,​ വാല്‍മീകിനഗര്‍,​ റാക്സോല്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഷാ മുന്നറിയിപ്പ് നല്‍കിയത്.
ഇപ്പോഴത്തെ മഹാസഖ്യാംഗങ്ങള്‍ ഭരിച്ചകാലത്താണ് ബീഹാര്‍ തീവ്രവാദികളുടെ സുരക്ഷിത താവളമായത്. അതിനാല്‍ തന്നെ നിതീഷും ലാലുവുമാവില്ല അവരുടെ ജയിച്ചാല്‍ സന്തോഷിയ്ക്കുക. ജീവപര്യന്തം തടവനുഭവിയ്ക്കുന്ന ആര്‍.ജെ.ഡി ദീര്‍ഘകാല എം.പി മുഹമ്മദ് ഷഹാബുദ്ദീനെപ്പോലുള്ളവരും പാക് തീവ്രവാദികളും ആഘോഷിയ്ക്കും -ഷാ പറഞ്ഞു. ജാതിയ്ക്കും സമുദായത്തിനുമതീതമായ വികസനത്തിന് ബീഹാറിലെ ജനങ്ങള്‍ നരേന്ദ്രമോദിയില്‍ വിശ്വാസമര്‍പ്പിക്കണം. എങ്ങാനും ബി.ജെ.പി തോറ്റാല്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെടെ പ്രത്യാഘാതമുണ്ടാവും. എന്നാല്‍ അതുണ്ടാവില്ലെന്നും നവംബര്‍ എട്ടിന് നിതീഷ് ബാഗും പെറുക്കിക്കെട്ടി സ്ഥലം വിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളില്‍ 100ഇടത്തും ബി.ജെ.പി ജയിക്കും. മഹാസഖ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാര്‍ഗമാണ്. ലാലുവിന്റെ കാട്ടുഭരണത്തെ ഒരു തോളിലും അഴിമതി കോണ്‍ഗ്രസിനെ മറുതോളിലും പേറിയാണ് നിതീഷിന്റെ പോക്കെന്നും ഷാ പരിഹസിച്ചു.

Top