ഓമനക്കുട്ടന്‍ തെറ്റുകാരനല്ല; പരാതി പിന്‍വലിച്ച് മാപ്പ് ചോദിച്ച് റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

ചേർത്തല∙ ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍ പാർട്ടി റദ്ദാക്കും. പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം. ദുരിതാശ്വാസ ക്യാംപിലുള്ളവരെ സഹായിക്കുക മാത്രമാണ് ഓമനക്കുട്ടന്‍ ചെയ്തതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാതിയില്ലെന്ന് ക്യാംപ് അംഗങ്ങളും, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചതിനായിരുന്നു നടപടി. സസ്പെന്‍ഷനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം, ഓമനക്കുട്ടന് എതിരെ നൽകിയ പരാതി റവന്യു വകുപ്പ് പിൻവലിക്കുമെന്നും അദ്ദേഹത്തിനോടു ക്ഷമ ചോദിക്കുന്നുവെന്നും റവന്യു- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു അറിയിച്ചു. പോലീസിന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഓമനക്കുട്ടന്‍ കള്ളനോ കുറ്റവാളിയോ അല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇക്കാര്യത്തിലെ ഉദ്ദ്യേശ ശുദ്ധിയും സത്യസന്ധതയും മനസിലായ സാഹചര്യത്തില്‍ അദ്ദേഹത്തിനുണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നുവെന്നും ഡോ. വേണു തന്‍റെ ഫെയ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചേർത്തല തഹസിൽദാർ നൽകിയ പരാതിയെ തുടർന്നാണ് അർത്തുങ്കൽ പൊലീസ് ഓമനക്കുട്ടനെതിരെ കേസ് എടുത്തത്.

Top