ബീഫ് ഫെസ്റ്റിവലിനെതിരെ സിപിഎം ബംഗാള്‍ ഘടകം; ഭൂരിപക്ഷ സമുദായങ്ങളുടെ വികാരങ്ങളെ ബാധിക്കും

കൊല്‍ക്കത്ത: കന്നുകാലി കച്ചവടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തോടുള്ള പ്രതിഷേധമായി കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ക്കെതിരെ സിപിഐഎം ബംഗാള്‍ ഘടകം. ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ബംഗാള്‍ ഘടകം ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനോട് എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെയും ബി.ജെ.പി.യുടെയും നടപടികള്‍ തെറ്റാണ്. എന്നാല്‍ പ്രതിഷേധ സൂചകമായി ബീഫ് ഫെസ്റ്റിവലോ പോര്‍ക്ക് ഫെസ്റ്റിവലോ സംഘടിപ്പിക്കുന്നത്, മതേതരത്വം തെളിയിക്കാന്‍ മറ്റൊരാളെ ഇതുകഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് തുല്യമാണെന്ന് ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാക്കളിലൊരാള്‍ അഭിപ്രായപ്പെട്ടു.
മതേതരത്വം തെളിയിക്കേണ്ടത് ഇത്തരത്തില്‍ അല്ലെന്നും നേതാക്കള്‍ പറയുന്നു. മമതാ ബാനര്‍ജിയുടെ പ്രീണന രാഷ്ട്രീയം കാരണം ബംഗാളില്‍ ബി.ജെ.പി. വളരെ വേഗത്തിലാണ് വേരുറപ്പിക്കുന്നത്. അതിനിടെ തങ്ങളും ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍ വര്‍ഗീയ ധ്രുവീകരണത്തിന് അത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top