പ്രതികൾ നാല് പോലീസുകാർ, ഏറ്റത് ക്രൂര മര്‍ദ്ദനം…!! ഞെട്ടിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട്; എസ്പിക്ക് പണി കിട്ടും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ നാല് പൊലീസുകാര്‍ പ്രതികളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് പ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

സ്റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്കുമാറിന്റെ രണ്ട് കാലിലും കാല്‍ പാദത്തിലും അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. തട്ടിയെടുത്തുവെന്ന് പറയുന്ന പണം കണ്ടെത്താനാണ് പോലീസ് അതിക്രൂരമായി രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കേസിലെ നാലാം പ്രതിയും പോലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്.ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിക്കുന്ന സാഹചര്യമുണ്ടായി. കാല്‍ പുറകിലേക്ക് വലിച്ച് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.

അവശ നിലയിലായിട്ടും രാജ്കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര്‍ മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് പ്രതികളായ പോലീസുകാര്‍ക്കെതിരെ കേസെടുത്തത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്.

അതേ സമയം ഉരുട്ടിക്കൊലക്കേസില്‍ ഇടുക്കി എസ്പി കെ.ബി.വേണുഗോപാലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കുമെന്ന് റിപ്പോര്‍ട്ട്. പകരം പുതിയ ചുമതല നല്‍കില്ല. വേണുഗോപാലിനെതിരെ കടുത്ത നടപടിക്കാണു സാധ്യതയെന്നാണു റിപ്പോര്‍ട്ട്. അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടിയെന്നും വിവരമുണ്ട്.

Top