കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. ശബരിമല വിഷയത്തില്‍ ഇതുവരെ മൗനം പാലിച്ച ബിജെപി ദേശീയ നേതൃത്വം ഇന്ന് അത് തെറ്റിച്ചേക്കുമെന്ന് സൂചനകള്‍. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായാണ് അമിത് ഷാ എത്തിയത് .ബിജെപി നേതാക്കളുമായി 10 മിനിറ്റോളം സംസാരിച്ചതിന് ശേഷമാണ് അമിത് ഷാ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആവേശോജ്വലമായ സ്വീകരണമാണ് അമിത് ഷായ്ക്ക് വിമാനത്താവളത്തില്‍ ഒരുക്കിയത്.
ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന ഘടകം വിധിയെ എതിര്‍ത്ത് നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രമാകട്ടെ ഈ വിഷയത്തില്‍ പ്രതികരണമൊന്നും തന്നെ നടത്തിയിട്ടുമില്ല. ഇപ്പോള്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേരളാ പോലീസ് നടപടികള്‍ എടുത്ത് തുടങ്ങിയിരിക്കതുകയാണ്. ഇതുവരെ 495 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടായിരത്തിലധികം പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലും മഞ്ചേശ്വരം ഇലക്ഷന്‍ ഉടനെ നടക്കുന്നതിനാലും ഈ വിഷയ്തതില്‍ ഇന്ന് അമിത് ഷാ പ്രതികരിച്ചേക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ ബിജെപിയിലേക്ക് ചേരുമെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇന്ന് അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും സൂചനകള്‍ ഉണ്ട്. കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ വികാരം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷാ ശബരിമല വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി എത്തുമെന്നാണ് അടുത്ത പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.