കര്‍ണാടകയിലെ തങ്ങളുടെ ഭാവി തുലാസിലാണെങ്കിലും ദക്ഷിണേന്ത്യയിലേക്ക് ബിജെപി കാലെടുത്ത് വച്ചിരിക്കുന്ന സാഹചര്യത്തില്‍ അടുത്തതായി തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് കേരളവും, ബംഗാളും ഒഡീഷയുമാണെന്ന് വ്യക്തമാക്കി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനും വരാനിരിക്കുന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും ഒരുങ്ങണമെന്നും ഷാ നിര്‍ദ്ദേശിച്ചു. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പോഷകസംഘടനാ നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നേതാക്കളെയും അണികളെയും ഓര്‍മിപ്പിച്ചത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെ പോഷകസംഘടനകളെ ശക്തിപ്പെടുത്തണമെന്ന് അമിത്ഷാ അഭിപ്രായപ്പെട്ടു. ഇതിനായി കര്‍മ്മപദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്യുക എന്നതായിരുന്നു സംയുക്തയോഗത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ താഴേതട്ടില്‍ എത്തിക്കണമെന്നും വീടുകള്‍ തോറും കയറിയിറങ്ങി ജനങ്ങളുമായി അടുപ്പമുണ്ടാക്കണമെന്നും പ്രദേശത്തെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ ചെറിയ രീതിയിലെങ്കിലും തങ്ങള്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് തങ്ങളെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ വാക്കുകള്‍.