അവള്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ എല്ലാം നിന്റെ തോന്നലാണെന്ന് ഇടവേള ബാബു പറഞ്ഞു; ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്’ ‘എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാന്‍ ആവശ്യപ്പെട്ടില്ല; മോഹന്‍ലാലിന്റെ വാദം പൊളിച്ച് ഡബ്ല്യുസിസി

കൊച്ചി: ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകമാണെന്ന് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തില്‍ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം A.M.M.A പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനം ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നു. ഈ വിഷയത്തോടുള്ള സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

1. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തില്‍ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ്. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണ്.

2. നടി പരാതി എഴുതി നല്കിയില്ലല്ലോ എന്ന് പറയുമ്പോള്‍ ഞങ്ങളുടെ സുഹൃത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രീ. ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോള്‍ തന്നെ ഫോണില്‍ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നല്‍ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെണ്‍കുട്ടി വീണ്ടും ശ്രീ.ബാബുവിനെ ഫോണില്‍ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്’ ‘എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാന്‍ ആവശ്യപ്പെട്ടതായി അറിവില്ല.

3. അവളോടൊപ്പം രാജി വച്ച WCC അംഗങ്ങള്‍, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയില്‍ വഴി നാലുപേരും A.M.M.A യുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ്.

4. A.M.M.A ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തില്‍ പറഞ്ഞത്. അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു ഞങ്ങള്‍ക്കറിയാന്‍ സാധിച്ചത്.

വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകള്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളില്‍ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചര്‍ച്ചയെയും ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചര്‍ച്ചക്കുള്ള തിയതി ഞങ്ങളെ ഉടന്‍ അറിയിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

Top