അമൃത എഞ്ചിനീയറിങ് കോളെജിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കൊല്ലം: അമൃതാ എഞ്ചിനീയറിങ് കോളെജിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ വീണ്ടും പുഴുവിനെ കണ്ടെത്തി. അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള കൊല്ലം കരുനാഗപ്പള്ളി അമൃതപുരി ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളെജ് ഉപരോധിച്ചു. എന്നാല്‍ സംഭവം അംഗീകരിക്കാന്‍ കോളെജ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ഭക്ഷണത്തില്‍ പുഴുക്കളെ കാണുന്നത്. ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെയും കോളെജ് മാനേജ്‌മെന്റിനെ ഉപരോധിച്ചിരുന്നു. അന്ന് അധികൃതര്‍ സമരക്കാരുമായി പ്രശ്‌ന പരിഹാരത്തിലെത്തിയെങ്കിലും വീണ്ടും ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിന്റെ പേരില്‍ ഇതിന് മുന്‍പും അമൃതപുരി കാമ്പസില്‍ വിദ്യാര്‍ഥി സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ ക്യാന്റീന്‍ പരിസരത്ത് ഒഴുക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചിരുന്നു. രാത്രിയില്‍ ആരംഭിച്ച ഉപരോധ സമരത്തിന് ഇതുവരെ പരിഹാരം കണ്ടിട്ടില്ല.

Top