മതപരിവര്‍ത്തന ശ്രമത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തി ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാരാണ് അലന്‍ ചൗവ്വിനെ അമ്പെയ്ത് വീഴ്ത്തിയത്. പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഇവരില്‍ നിന്നും മൃതദേഹം വിട്ടുകിട്ടുക പ്രയാസമേറിയ കാര്യമാണ്.
ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്. മത്സ്യത്തൊഴിലാളികള്‍ക്കു 25,000 രൂപ നല്‍കി, അവരുടെ സഹായത്തോടെയാണ് അലന്‍ ദ്വീപിലെത്തിയത്. അലനെ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചുമൂടുന്നതും കണ്ടത് ഇതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. ദ്വീപില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മോദി സര്‍ക്കാരാണ് പിന്‍വലിച്ചത്. പട്ടികജാതി വര്‍ഗ്ഗ കമ്മീഷന്റെ എതിര്‍പ്പിനെയും അവഗണിച്ചാണ് വിലക്ക് പിന്‍വലിച്ചത്. ഇതാണ് അലന്റെ മരണത്തില്‍ കലാശിച്ചത്.
ഇതിനിടയില്‍, അലന്റെ മൃതദേഹം വീണ്ടെടുക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റ് മുന്നോട്ടു വന്നു. 1966ലും 1991ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ചു ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണു 83കാരനായ പണ്ഡിറ്റ് നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അതിസാഹസികമായ ദൗത്യത്തിന് അദ്ദേഹം അന്നു മുതിര്‍ന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്കു സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ ആദ്യനിര്‍ദേശം.
ഉച്ചയ്‌ക്കോ വൈകുന്നേരമോ ചെറിയ സംഘം തീരത്തേക്കു പോയാല്‍ ഗോത്രവര്‍ഗക്കാര്‍ തീരത്ത് ഉണ്ടാകില്ലെന്നും ആ സമയത്തു തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കിയാല്‍ മൃതദേഹം എടുക്കാന്‍ നമ്മളെ അവര്‍ അനുവദിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. അമ്പെയ്ത്ത് എത്താത്ത ദൂരത്തു ബോട്ട് നിര്‍ത്തണം. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നതു നന്നായിരിക്കും – പണ്ഡിറ്റ് പറഞ്ഞു. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന പണ്ഡിറ്റിനെ കേള്‍ക്കുന്നത് ഉചിതമായിരിക്കുമെന്നാണ് നിലപാടിലാണു നരവംശ ശാസ്തജ്ഞര്‍.
ഈ ആദിവാസി വിഭാഗത്തെ ശത്രുവായി കാണുന്നതിലും പണ്ഡിറ്റ് എതിര്‍ അഭിപ്രായം രേഖപ്പെടുത്തി. നമ്മളാണു കയ്യേറ്റക്കാര്‍. അവരുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. അവര്‍ അവരുടെ രക്ഷ നോക്കുകയാണു ചെയ്തത്. ആദ്യത്തെ തവണ അമ്പെയ്തപ്പോള്‍ തന്നെ അദ്ദേഹം ശ്രദ്ധിക്കണമെന്നായിരുന്നു. സംഭവിച്ചതു ദൗര്‍ഭാഗ്യകരമായി പോയെന്നും പണ്ഡിറ്റ് പറഞ്ഞു.