അനിൽ അംബാനിയുമായി ബന്ധപ്പെട്ട കേസിലെ വിധി തിരുത്തിയ സംഭവത്തിൽ സുപ്രീം കോടതിയിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ഡൽഹി പൊലീസാണ് ജീവനക്കാരെ അറസ്റ്റു ചെയ്തത്. തപൻ കുമാർ ചക്രവർത്തി, മാനവ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. കോടതിയലക്ഷ്യക്കേസിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി നേരിട്ടു ഹാജരാകണമെന്ന ഉത്തരവ് തിരുത്തിയ കേസിലാണ് നടപടി. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
അതിനുശേഷം കോടതിയിൽ ഹാജരാക്കും.സുപ്രീം കോടതി ഭരണകാര്യ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അനിലിനെ സഹായിക്കാൻ കോടതി ഉത്തരവ് തിരുത്തിയെന്ന പരാതിയെ തുടർന്ന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് തപൻകുമാറിനേയും മാനവ് ശർമ്മയേയും പുറത്താക്കിയിരുന്നു.