ഞാൻ മേനോനല്ല.. ടൈൽസ് പണിക്കാരനാണ്.. സംവിധായകനിൽ നിന്നേറ്റ അവഹേളനത്തിനെതിരെ ബിനീഷ് ബാസ്റ്റിൻ; അനിൽ രാധാകൃഷ്ണനെതിരെ ഫെഫ്ക

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ വേദി പങ്കിടുന്നത് വിലക്കിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍റെ നടപടി വിവാദമാകുന്നു. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിനീഷ്. ഇതേ പരിപാടിയിൽ മാഗസിൻ ലോഞ്ചിങ്ങിന് മുഖ്യാതിഥിയായാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ എത്തിയത്.

തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാൽ പോയിക്കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായി ബിനീഷ് വെളിപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ബിനീഷ് വേദിയിലേക്ക് പോയി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തില്‍ ഇപ്പോൾ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപ്പെട്ടു.  സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സംഭവം പുറം  അറിയുന്നത്. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. വിശദീകരണം നല്‍കാന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക പ്രതിനിധി പറഞ്ഞു.

ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍ കണ്ടത്. ഫെഫ്കയ്ക്ക് ആ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കായിരുന്നു മെഡിക്കല്‍ കോളേജിലെ പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി  ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടത്.  കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചത്.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ പറഞ്ഞയി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിച്ചു. എന്നാല്‍  പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ ബിനീഷ് തയ്യാറായില്ല. അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് താൻ അനുഭവിച്ച അപമാനത്തെക്കുറിച്ച് കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ഞാൻ മേനോനല്ലെന്നും ദേശീയ അവാർഡ് നേടിയിട്ടില്ലെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. ടൈൽസ് പണി എടുത്ത് വളർന്നവനാണെന്നും ഇത് തൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും വികാര നിർഭരമായ വാക്കുകളിൽ ബിനീഷ് പറഞ്ഞു.

Top