ഗ്വാളിയോര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്ക് പോയ ഇന്ത്യന്‍ യുവതി അഞ്ജുവിന്റെ പിതാവ് പ്രതികരിച്ചു. ഇനി തങ്ങള്‍ക്ക് അങ്ങനെയൊരു മകളില്ലെന്നും അവള്‍ മരിച്ചതായിട്ടാണ് കണക്കാക്കുന്നതെന്നും അഞ്ജുവിന്റെ പിതാവ് ഗയാ പ്രസാദ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ ബൗന ഗ്രാമത്തിലാണ് ഗയാ താമസിക്കുന്നത്.
അഞ്ജു സ്വന്തം കുട്ടികളുടെ ഭാവി നശിപ്പിച്ചുവെന്നും പിതാവ് കുറ്റപ്പെടുത്തി. ‘രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവള്‍ ഓടിപ്പോയി. മക്കളെ കുറിച്ച് പോലും അവള്‍ ചിന്തിച്ചില്ല. അവള്‍ക്ക് ഇത് ചെയ്യണമെങ്കില്‍ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവള്‍ മരിച്ചു. ഗയാ പ്രസാദ് പറഞ്ഞു. അഞ്ജു ഇസ്ലാം മതം സ്വീകരിച്ചോ എന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് തനിക്കൊരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അവളെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് പിതാവ് വ്യക്തമാക്കി.