ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിന് സർക്കാർ അനുമതി നൽകി; പരാതികളെല്ലാം തള്ളിയതോടെ കൺവൻഷൻ സെന്ററിന് ഇനി സുഖമായി പ്രവർത്തിക്കാം

കോട്ടയം: ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിനെതിരെ അയൽവാസികൾ നൽകിയ പരാതികളെല്ലാം തള്ളി. കൺവൻഷൻ സെന്ററിന്റെ ഉടമ ചെങ്ങന്നൂർ പിരളശേരി അരക്കനാട്ട് പുത്തൻവീട്ടിൽ ഉമ്മൻ ഐപ്പ് നൽകിയ അപേക്ഷ പരിഗണിച്ച തദ്ദേശ സ്വയംഭരണ വകുപ്പാണ് സെന്ററിന് പ്രവർത്തനാനുമതി നൽകിയത്. ഇതോടെ വർഷങ്ങളായി നീണ്ടു നിന്ന നിയമവ്യവഹാരത്തിനാണ് അറുതി വന്നിരിക്കുന്നത്.

നഗരസഭയുടെ 11 -ാം വാർഡിൽ ഈരയിൽക്കടവിൽ മൂന്ന് ഏക്കറിലാണ് ആൻസ് ഇന്റർനാഷണൽ കൺവൻഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഈരയിൽക്കടവിലെ പഴയ ട്രാവൻകൂർ പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്താണ് കൺവൻഷൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്. നഗരസഭയിൽ കൺവൻഷൻ സെന്ററിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചെങ്കിലും, തൊടുന്യായങ്ങൾ പറഞ്ഞ് നഗരസഭ ഇത് നിരസിക്കുകയായിരുന്നു. തുടർന്നാണ് നിർമ്മാണം റെഗുലറൈസ് ചെയ്തു ലഭിക്കുന്നതിനായി നഗരസഭയും, ടൗൺ പ്ലാനിങ് വിഭാഗവും ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ഉമ്മൻ ഐപ്പ് വീണ്ടും അപേക്ഷ നൽകി. എന്നാൽ, ഇതും മതിയായ കാരണങ്ങൾ പറയാതെ നഗരസഭ നിരസിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന്, ഇദ്ദേഹം നൽകിയ അപേക്ഷ പരിഗണിച്ച ജില്ലാ തല ക്രമവത്കരണ കമ്മിറ്റി യോഗം ചേർന്ന ശേഷം പിഴ തുക ഈടാക്കുകയും, കെട്ടിടത്തിന് അനുമതി നൽകാൻ നിർദേശം നൽകുകയും ചെയ്തു. എന്നിട്ടും, നഗരസഭ അധികൃതർ കെട്ടിടത്തിന് അനുമതി നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് ആൻസ് കൺവൻഷൻ സെന്റർ ഉടമ, പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി യോഗം വിളിച്ചു ചേർക്കുകയും, കെട്ടിടത്തിന് ക്രമവത്കരണ അനുമതി നൽകുകയും ചെയ്തു. എന്നാൽ, കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിനെതിരെ ഈരയിൽക്കടവിലെ അയൽവാസിയായ രാജമ്മ ജോസഫ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതേ തുടർന്ന്, ഇവരെയും മറ്റു പരാതിക്കാരെയും കേട്ട ശേഷം രണ്ടു മാസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉമ്മൻ ഐപ്പിനെയും, പരാതിക്കാരെയും നേരിട്ടു വിളിപ്പിച്ചു. എന്നാൽ, പരാതിക്കാരിയായ രാജമ്മ ജോസഫിനെ രണ്ടു തവണ വിളിച്ചെങ്കിലും ഇവർ നേരിട്ട് ഹാജരായി മൊഴി നൽകാൻ തയ്യാറായില്ല. രാജമ്മ ജോസഫിനു വേണ്ടി അഡ്വ.കെ.ആർ റെയ്ൻ ആണ് ഹാജരായത്. ഇവരുടെ പ്രധാന ആവശ്യം ഉമ്മൻ ഐപ്പ് നിർമ്മിച്ച ആൻസ് കൺവൻഷൻ സെന്ററിന്റെ റെഗുലറൈസേഷൻ അപേക്ഷ നിരസിക്കണം എന്നതായിരുന്നു. എന്നാൽ, ഇവരുടെ വാദങ്ങൾക്കെതിരെ ഉമ്മൻ ഐപ്പ് ഉയർത്തിയ മറുവാദങ്ങൾ അംഗീകരിച്ച കമ്മിറ്റി കൺവൻഷൻ സെന്ററിന് അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം ഉമ്മൻ ഐപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ തന്നെയായിരിക്കണമെന്ന് കമ്മിറ്റി നിർദേശിക്കുന്നു. കെട്ടിടത്തോടു ചേർന്നു പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും, അഗ്നിസുരക്ഷാ അനുമതി വാങ്ങണമെന്നുതും അടക്കമുള്ള നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെ പരാതിക്കാരിയായ രാജമ്മ ജോസഫ് താമസിക്കുന്ന പ്രദീപിന്റെ പേരിലുള്ള സ്ഥലത്തേയ്ക്കു, ആൻസ് കൺവൻഷൻ സെന്ററിൽ നിന്നും മഴവെള്ളം വീഴാത്ത രീതിയിൽ ക്രമീകരണം ഒരുക്കണമെന്നും അനുമതി നൽകിയുള്ള ഉത്തരവിൽ നിർദേശിക്കുന്നു.

രാജമ്മ ജോസഫിന്റെ പരാതിയുടെ ഭാഗമായി സമർപ്പിച്ച സാക്ഷ്യപത്രം പരിശോധിച്ചപ്പോൾ, അധികാരപ്പെട്ട നഗരസഭ സെക്രട്ടറിയല്ല പകരം റവന്യു ഓഫിസറാണ് സാക്ഷ്യപത്രത്തിൽ ഒപ്പിട്ടിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിയ്ക്കു നൽകിയിരിക്കുന്ന സാക്ഷ്യപത്രത്തിന്റെ മൗലികത പരിശോധിക്കേണ്ടതാണ് എന്ന് കമ്മിറ്റി കണ്ടെത്തി. ഇതു സംബന്ധിച്ചു പരിശോധന നടത്താൻ നഗരസഭ സെക്രടട്‌റയിയോടും, നഗരകാര്യ ഡയറക്ടറോറുടും അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശിച്ചു. ഒപ്പിട്ടിരിക്കുന്നത് നഗരസഭ സെക്രട്ടറിയല്ലെന്ന് കണ്ടെത്തിയതിൽ നഗരകാര്യ ഡയറക്ടർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

പുറമ്പോക്ക് കയ്യേറിയാൺ കൺവൻഷൻ സെന്റർ നിർമ്മിച്ചതെന്ന പരാതിക്കാരുടെ വാദവും തള്ളി. നഗരസഭ സെക്രട്ടറി നടത്തിയ പരിശോധനയിൽ കൺവൻഷൻ സെന്റർ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും, അനധികൃതമായി സ്ഥലം കയ്യേറിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻ ഐപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനെതിരെ പല കേസുകൾ നൽകിയിട്ടുണ്ടെങ്കിലും, ഇതൊന്നും നിലനിൽക്കുന്നതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Top