തന്നെ വിമർശിച്ച മാധ്യമ പ്രവർത്തനു ചുട്ടമറുപടിയുമായി വീണ്ടും എം.സ്വരാജ്; ആദ്യം തെറ്റിക്കുന്നതും, പിന്നെ തിരുത്തുന്നതും വാർത്തയല്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പീഡനത്തിനു ശ്രമിക്കുന്നതിനിടെ പെൺകുട്ടി ലൈംഗികാവയവം മുറിച്ചു മാറ്റിയ സ്വാമിയെച്ചൊല്ലി മലയാള മനോരമയും എം.സ്വരാജും വീണ്ടും കൊമ്പു കോർക്കുന്നു. മലയാള മനോരമയിലെ റിപ്പോർട്ടർ തനേഷ് തമ്പിയ്ക്കു മറുപടിയുമായാണ് ഇപ്പോൾ എം.സ്വരാജ് എംഎൽഎ എത്തിയിരിക്കുന്നത്. മലയാളം ചാനലുകളുടെ മത്സരബുദ്ധിക്കെതിരെ പരോക്ഷമായ വിമർശനവുമായാണ് ഇപ്പോൾ എം.സ്വരാജ് രംഗത്ത് എത്തിയിരിക്കുന്നത്.
പെൺകുട്ടി ലൈംഗികാവയവം മുറിച്ചു മാറ്റിയ ഗണേശാനന്ദതീർഥപാദരെ, ഹരി എന്ന യുവാവ് എന്നാണ് മലയാള മനോരമയുടെ ആദ്യ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരുന്നത്. ഇത് മനപൂർവമാണെന്നും ഇതിലൂടെ മനോരമയുടെ രാഷ്ട്രീയമാണ് വ്യക്തമാകുന്നതെന്നുമാണ് തന്റെ ആദ്യ പോസ്റ്റിൽ എം.സ്വരാജ് വ്യക്തമാക്കിയത്. ഇതിനു മറുപടിയുമായാണ് മലയാള മനോരമ ലേഖകൻ തനേഷ് തമ്പി തന്നെ വീണ്ടും പോസ്റ്റിട്ടത്. ഈ പോസ്റ്റിൽ എം.സ്വരാജ് തനി ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേയ്ക്കു തരം താഴരുതെന്നും തനേഷ് തമ്പി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ഇപ്പോൾ സ്വരാജിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം
പ്രതികരണത്തോട് ഒരു പ്രതികരണം
എം .സ്വരാജ്
കഴിഞ്ഞ ദിവസത്തെ എന്റെ കുറിപ്പിനെ വിമർശിച്ചു കൊണ്ടുള്ള ഒരു മാധ്യമ പ്രവവർത്തകന്റെ പ്രതികരണം കാണുകയുണ്ടായി.
പ്രതികരണത്തിൽ ആരോപണവും പരിഹാസവും ഉപദേശവും ഉണ്ട്. അതിനൊന്നും മറുപടി പറയുന്നില്ല . നന്ദി രേഖപ്പെടുത്തുന്നു.
തീരെ ന്യായീകരണ തൊഴിലാളിയല്ലാത്ത മാധ്യമ പ്രവർത്തകൻ പക്ഷെ ചില ന്യായീകരണങ്ങൾ നിരത്തുന്നുണ്ട്. എന്റെ പോസ്റ്റിലെ ദൃശ്യത്തിൽ ഉള്ളത് വാർത്ത ആദ്യമായി കൊടുത്ത സമയത്തേതാണെന്നും, അത് പോലീസിൽ നിന്നു കിട്ടിയ വിവരങ്ങൾ വെച്ച് തയ്യാറാക്കിയതാണെന്നും ,ആദ്യം പ്രതിയുടെ പ്രായത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നെന്നും, പിന്നീടുണ്ടായ മാറ്റങ്ങൾ പേരിലും പ്രായത്തിലും ”അപ്‌ഡേറ്റ് ‘ ചെയ്തു വെന്നുമാണ് ന്യായം.
പോലീസ് തരുന്ന വിവരങ്ങൾ അപ്പപ്പോൾ വാർത്തയായി നൽകുന്ന പണിക്കാരാണ് നിങ്ങളെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു. ക്ഷമിക്കുക.
കേട്ടുകേൾവികൾ വാർത്തയായി നൽകുകയും തെറ്റുകൾ പിന്നീട് ‘അപ്‌ഡേറ്റ് ‘ ചെയ്താൽ മതിയെന്നുമുള്ള മാധ്യമ പ്രവർത്തന ശൈലിയോട് എത്ര വിശദീകരണം കേട്ടാലും എനിക്ക് ബഹുമാനം തോന്നില്ല.
വാർത്ത കാണുന്നവർ അപ്‌ഡേറ്റ് വരുന്നതും കാത്ത് ടിവിക്ക് മുന്നിൽ ഇരിക്കണമെന്നാണോ. ?
പല തിരക്കുകൾ…… പല പല ചാനലുകൾ … ഇതിനിടയിൽ ഒരു നോക്കു മാത്രം വാർത്ത കാണുന്നവർ ഒരുപാടു പേരുണ്ടെന്ന് ഓർത്താൽ നന്ന്.
വാർത്തകൾ ഇടയ്ക്കു വെച്ച് തിരുത്താനല്ല, തുടക്കം മുതലേ ശരിയായിരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഞാൻ കരുതുന്നു.
ഓരോ സെക്കന്റിലും സൂക്ഷ്മതയും സത്യസന്ധതയും പുലർത്തേണ്ട ജോലികളിലൊന്നാണ് മാധ്യമ പ്രവർത്തനമെന്ന കാഴ്ചപ്പാട് വെച്ചു പുലർത്തുന്നത് എന്റെ കുഴപ്പമാവാം .
ഇനി,
കഴിഞ്ഞ ദിവസത്തെ വാർത്ത സംബന്ധിച്ച് ചെറിയൊരു പരിശോധന നടത്തിയാലോ ….
പീഡിപ്പിക്കാൻ പോയി പരിക്കേറ്റവനെ സംഭവത്തിന് ശേഷം ഏറെ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് രാത്രി 12.39 ന്. രജിസ്റ്ററിൽ രേഖപ്പെടുത്തിയ പേര് – ഗണേശാനന്ദ തീർത്ഥ പാദർ , വയസ് 54, വിലാസം – പത്മന ആശ്രമം, പത്മന , കൊല്ലം.
ഞാൻ വിമർശിച്ച ചാനൽ വാർത്തയിലെ വാർത്താ വാചകങ്ങളുടെ ദൃശ്യത്തിലെ സമയം രാവിലെ 8.26. അതായത് പരിക്കു പറ്റിയവൻ തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ തിരുമുമ്പാകെ വന്ന് കിടന്നിട്ട് എട്ട് മണിക്കൂർ ആവുമ്പോഴാണ് ‘ഹരി എന്ന യുവാവ് ‘ തകർക്കുന്നത്.
തിരുവനന്തപുരത്ത് മനോരമ ഓഫീസിൽ നിന്ന് പത്ത് മിനിട്ട് യാത്ര ചെയ്താൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്താം . യഥാവിധി എല്ലാ വിവരങ്ങളും ആധികാരികമായെടുക്കാം .നേരിൽ കണ്ട് ബോധ്യപ്പെടാം. എന്നിട്ടാണ് എട്ടാം മണിക്കൂറിൽ ‘ഹരി എന്ന യുവാവിനെ ‘ എഴുന്നള്ളിച്ചിട്ട് ന്യായവുമായി വന്ന് കിടന്ന് ഉരുളുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും, ഉടൻ അടിയന്തിര ശസ്ത്രക്രിയ നടക്കുമെന്നും വരെ വിശദീകരിച്ച ലേഖകന് അവിടെ കിടക്കുന്നവന്റെ പേരും വയസും നോക്കാൻ സമയം കിട്ടിയില്ലെന്ന് പറഞ്ഞാൽ മനോരമയിൽ ജോലി ചെയ്യുന്നവർ വിശ്വസിക്കുമോ ?
അപ്‌ഡേറ്റ് കൊടുത്തു എന്ന് പറയുമ്പോഴും ‘ആശ്രമത്തിലെ അന്തേവാസിയാണ്’, ‘ ഗംഗേശാനന്ദ തീർത്ഥപാദർ എന്നാണറിയപ്പെടുന്നത്. ‘ ഇതാണല്ലോ വൈകി വന്ന അപ്‌ഡേറ്റ് …
ഹിന്ദു ഐക്യവേദിയുടെ മുഖമായി മാധ്യമങ്ങൾക്ക് പരിചിതനായ ഒരാളെ മെഡിക്കൽ കോളേജിലെത്തി എട്ടാം മണിക്കൂറിലും ‘ഹരി എന്ന യുവാവാക്കി ‘ അഭ്യാസം കാണിക്കുകയും തുടർന്ന് ആശ്രമത്തിലെ വെറുമൊരു അന്തേവാസിയാക്കിയും അറിയപ്പെടുന്നത് മറ്റൊരു പേരിലാണെന്ന് ഭവ്യതയോടെ പറഞ്ഞും നടത്തുന്ന മാധ്യമപ്രവർത്തനത്തിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ.

Top