നസീം ഖാൻ. എം
കൊച്ചി:വാക്‌സിനേഷൻ വിരുദ്ധ വാദങ്ങൾ വസൂരിയെക്കാൾ വേഗത്തിലാണ് സോഷ്യൽ മീഡിയയിലൂടെ പകരുന്നത്..! പൊതുവേ പുരോഗമനക്കാർ എന്ന് കരുതിയിരുന്ന നമ്മുടെ ശാസ്ത്ര-ചിന്താ-ശീലം ഈ നവ-മാധ്യമ കാലത്ത് പരിതാപകരമായ തോതില്‍ പരിമിതപെട്ടു എന്നാണു ഈ വിവാദങ്ങൾ വിളിച്ചു പറയുന്നത്. വൈദ്യ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വിവിധ ഗുണങ്ങൾ ജീവിതത്തിന്റ സകല മേഖലയിലും ഉപയോഗപ്പെടുത്തുന്നവരാണ് ഇപ്പോൾ ശാസ്ത്ര വിരുദ്ധ വാദങ്ങളുമായി മുന്നോട്ടു വരുന്നത് എന്നത് ഒരു വിചിത്ര സത്യമാണ്.
പടർന്നു പിടിക്കുന്ന രോഗങ്ങൾക്ക് മുന്നിൽ ഇയ്യാം പാറ്റകളെ പോലെ നിസ്സഹായനായി മനുഷ്യർ മരിച്ചു വീണു കൊണ്ടിരുന്ന ഒരു കാലത്തിലൂടെ മനുഷ്യരാശി ഭയാനകമായി കടന്ന് പോയിട്ടുണ്ട്. വസൂരി , കോളറ, റാബീസ്, അന്ത്രാക്സ്, മലേറിയ, ഡിഫ്തീരിയ തുടങ്ങി നിരവധി രോഗങ്ങൾ…
അതീവ അപകടകാരികളായ സാംക്രമിക രോഗങ്ങൾക്ക് കാരണം ജൈവ വസ്തുക്കൾ ചീഞ്ഞുണ്ടാകുന്ന ദുർഗന്ധ പൂരിതമായ വായു പ്രവാഹമാണെന്നായിരുന്നു (Miasma theory) ആദ്യം കരുതിയിരുന്നത്. പിന്നീട് വലിയൊരു ശതമാനം രോഗങ്ങൾക്കും കാരണമാകുന്നത് ജൈവ സൂക്ഷ്മാണുക്കൾ (Microorganisms) ആണെന്ന നിഗമനത്തിനു (Germ theory) ശേഷം ശാസ്ത്ര ലോകം അവയെ കീഴടക്കാനുള്ള വഴികളും അന്വേഷിച്ചിരുന്നു.
യുദ്ധത്തേക്കാൾ ഭീകരം എന്ന് വിശേഷിപ്പിച്ചിരുന്ന വസൂരിയ്ക്ക്, ഇംഗ്ളീഷ് ഫിസിഷ്യനായിരുന്ന എഡ്വേർഡ് ജെന്നർ 1796 ൽ ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് കണ്ടെത്തിയതോടെ വൈദ്യ ശാസ്ത്രത്തിൽ രോഗ പ്രതിരോധത്തിൻറെ പുതിയൊരു പാത തുറക്കപെടുകയായിരുന്നു. പശുക്കളിൽ നിന്നും പകരുന്ന ഗോ-വസൂരി എന്ന താരതമ്യേന മാരകമല്ലാത്ത വൈറസ് ബാധ ഉണ്ടായവരില്‍ പിന്നീട് വസൂരി വരുന്നില്ല എന്നു അദ്ദേഹം കണ്ടെത്തി. രോഗം ബാധിച്ച പശുക്കളിൽ നിന്നും ശേഖരിച്ച ജൈവ ദ്രവങ്ങൾ മനുഷ്യരിൽ കുത്തിവെച്ചായിരുന്നു അദ്ദേഹത്തിൻറെ പരീക്ഷണം. ഗോ-വസൂരി ഒരിക്കല്‍ ബാധിച്ചാല്‍ ശരീരം അതിനെതിരെ ഉള്ള ആന്റിജെന്‍ ഉല്‍പ്പാദിപ്പിക്കുകയും പിന്നീട് യഥാർത്ഥ വസൂരി ബാധയെ തടയാന്‍ ഇത് വഴി ശരീരത്തിന് സാധിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ഇതിൻറെ പിന്നിലെ ശാസ്ത്രം. തുടർന്ന് ലൂയി പാസ്ച്ചർ ഇതേവഴിയിൽ റാബീസ് , അന്ത്രാക്സ് തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രധിരോധ മരുന്നുകൾ വികസിപ്പിച്ചെടുത്തു.
ആദ്യ മരുന്നുകളുടെ വിജയത്തോടെ നിരവധി തവണ പരിഷ്‍കരിക്കപ്പെട്ട ഇവ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. വാക്സിനേഷൻ പ്രോഗ്രാമുകൾക്കായി വിവിധ രാജ്യങ്ങൾ ഒട്ടനവധി പദ്ധതികൾ നടത്തി. മനുഷ്യ രാശി രോഗങ്ങളുടെ ഭീഷണിയിൽ നിന്നും അതിജീവിച്ചത് ലോകമെങ്ങും നടത്തി വന്ന ഇത്തരം രോഗ-പ്രധിരോധ പദ്ധതികളിലൂടെയായിരുന്നു.
രോഗ ബാധയ്ക്ക് മുന്നേ നടത്തുന്ന പരിപാടി എന്ന നിലയിൽ തുടക്കം മുതൽ തന്നെ ശാസ്ത്രീയ വാക്സിനേഷൻ പ്രോഗ്രാമുകൾക്ക് എതിരെ വിമർശനങ്ങളും പ്രധിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയിലും ബ്രിട്ടണിലും വാക്സിനുകൾക്കെതിരെ പ്രതിഷേധ റാലികളും സമരങ്ങളും ഉണ്ടായിട്ടുണ്ട്. രോഗ പീഡ കണ്ടവർ സഹകരിച്ചതും , സർക്കാർ നിർബന്ധ പൂർവം നടത്തിയതും, ജനങ്ങളിൽ വളർന്ന് വന്ന ശാസ്ത്ര ബോധവും, വാക്സിൻ അനുകൂല കോടതി വിധികളുമൊക്കെ അന്ന് അത്തരം പ്രതിഷേധങ്ങളെ ഇല്ലാതാക്കി.
ഇന്ത്യയിൽ വസൂരി വ്യാപകമായ നാശങ്ങൾ വിതച്ച കാലത്തു വസൂരി-വാക്സിൻ പദ്ധതി ഇവിടെ നടത്താൻ ശ്രമിച്ച ബ്രിടീഷുകാർക്കു ആദ്യം നേരിടേണ്ടി വന്നത് ജനങളുടെ പ്രധിഷേധത്തെയാണ്..! ഭാരതീയർ വിശുദ്ധമായി കരുതിയിരുന്ന പശുവിൽ നിന്നും വേര്തിരിച്ചെടുക്കുന്ന മരുന്ന് എന്നതായിരുന്നു അന്നത്തെ പ്രധിഷേധത്തിൻറെ ഒരു പ്രധാന കാരണം. പുഴുവരിച്ചു പൊലിഞ്ഞാലും പുണ്യ പുരാണങ്ങൾ പൊന്നു പോലെ എന്ന് കരുതിയിരുന്നവരായിരുന്നു അന്ന് വാക്സിൻ വിരുദ്ധർ.
ഇന്ന് സോഷ്യൽ മീഡിയ ഭീതി പടർത്തി മുന്നേറുന്ന വാക്സിനേഷന് എതിരെ ഉയരുന്ന വാദങ്ങൾ എല്ലാം തന്നെ പൊള്ളയായതും അശാസ്ത്രീയവുമാണ്. ശാസ്ത്രാന്വേഷണ യുക്തി പുലർത്തിയാൽ തന്നെ തീരുന്നതാണ് ഈ വിവാദങ്ങൾ. പക്ഷെ വലിയൊരു ശതമാനം ജനങ്ങളും അങ്ങനെയല്ലാത്തതാണ് പ്രധാന പ്രശ്‌നം.!
“നമ്മുടെ കുട്ടികൾക്ക് പ്രധിരോധ ശേഷിയില്ലെന്നു ആര് പറഞ്ഞു..?” എന്നാണ് വാക്സിൻ വിരുദ്ധരുടെ ഒരു പ്രധാന ചോദ്യം. പ്രധിരോധ ശേഷിയെ അടിസ്ഥാന പ്പെടുത്തി തന്നെയാണ് വാക്സിൻ പ്രവർത്തിക്കുന്നത് എന്നതാണ് ഇതിനുത്തരം. ആരോഗ്യമുള്ളവർക്ക് തീർച്ചയായും പ്രധിരോധ ശേഷിയുണ്ടാകും. ഗോ-വസൂരിയുടെ കാര്യത്തിൽ പറഞ്ഞപോലെ അപകട ശേഷിയില്ലാത്ത വാക്സിൻ ശരീരത്തിൽ പ്രവേശിപ്പിക്കുമ്പോൾ ആരോഗ്യമുള്ള ശരീരം അതിൻറെ പ്രധിരോധ ശേഷി ഉപയോഗപ്പെടുത്തി പ്രതി-പ്രവർത്തിക്കുന്നു. ഇത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ആന്റിജനുകൾ ശരീരത്തിൽ നില നിൽക്കുകയും പിന്നീട് യഥാർത്ഥ രോഗകാരികൾ വന്നാൽ അവയെ വിജയകരമായി നേരിടുകയും ചെയ്യുന്നു എന്നതാണ് വാക്സിൻറെ പ്രവർത്തന തത്വം..
അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ലോകാരോഗ്യ സംഘടനയും ചേർന്ന് ജനസംഖ്യ കുറയ്ക്കാനാണ് വാക്സിനേഷൻ എന്നതാണ് മറ്റൊരു വിചിത്ര വാദം. 1816 ൽ 100 കോടി ആയിരുന്ന ലോക ജനസംഖ്യ 2016 ൽ 750 കോടിയായി വളർന്നു . അതായത് ആരോഗ്യ ശാസ്ത്രവും വാക്സിനേഷനും ലോകാരോഗ്യ സംഘടനയുമൊക്കെ വളർന്ന് പ്രവർത്തിച്ച കഴിഞ്ഞ 200 വർഷങ്ങൾ കൊണ്ടാണ് ലോക ജനസംഖ്യ ഏഴര ഇരട്ടിയായി ഉയർന്നത് എന്ന് കണക്കുകൾ പറയുന്നു..!! ഇനി എന്ത് പറയും?
90 വയസ്സ് കഴിഞ്ഞ അമ്മുമ്മമാരെ കാണിച്ചാണ് ചില വാക്സിൻ വിരുദ്ധർ വാദിക്കുന്നത്. 90 വയസ്സ് കഴിഞ്ഞ അമ്മുമാർ ആയ കാലത്തു പ്രസവിച്ചതിൽ ഏറെയും ചെറുപ്പത്തിൽ തന്നെ മരണപെട്ടു എന്ന് അവരോടു തന്നെ ചോദിച്ചാൽ പറയും..!! അപ്പോൾ ഇന്ന് ബാല മരണങ്ങൾ കുറച്ചതിൽ വൈദ്യ ശാസ്ത്ര രംഗം വഹിച്ച പങ്ക് മനസിലായിട്ടുണ്ടാകുമല്ലോ..
അലോപ്പതി രംഗത്തെ മൾട്ടി നാഷണൽ കമ്പനികളുടെ കച്ചവട താൽപര്യം ഇതാണ് മറ്റൊരു വാദം. ഒട്ടനവധി ഗവേഷണങ്ങൾ വേണ്ടി വരുന്നതിനാൽ അറിയുന്നിടത്തോളം വാക്സിൻ ഉൽപ്പാദനം വളരെയേറെ ചെലവുള്ളതും അത് കൊണ്ട് തന്നെ ലാഭ സാധ്യത കുറഞ്ഞതുമാണ്.
ഏറെ ആവശ്യക്കാരുള്ള മറ്റു അലോപ്പതി മരുന്നുകൾ ഗുണമേന്മയോടെ നിർമ്മിച്ചാൽ തന്നെ അതീവ ലാഭകരമായ് പ്രവർത്തിക്കാമെന്നിരിക്കെ വാക്‌സിൻ ഉത്പാദന രംഗത്തേക്ക് വരുന്ന കമ്പനികൾ താരതമ്മ്യേന കുറവാണ്. അല്ലെങ്കിൽ തന്നെ കച്ചവടത്തിന് അലോപ്പതിയെന്നോ പ്രകൃതിയെന്നോ വ്യത്യാസമില്ല. കോടാനുകോടി വിറ്റുവരവുള്ള ആയൂർവേദ കമ്പനികൾ പ്രവർത്തിക്കുന്ന ഇന്ത്യയിൽ നിന്നാണ് ഈ വാദം എന്നതാണു ഏറെ രസകരം..!
വാക്സിനിൽ അടങ്ങിയിരിക്കുന്നത് കെമിക്കലാണ് കൊടുക്കരുത്… ഇതാണ് മറ്റൊരു പ്രചാരണം.. സത്യത്തിൽ രാസ വസ്തുക്കളോട് മലയാളികൾക്കുള്ള ഭയം പ്രത്യേകം ചികിൽസിച്ചു മാറ്റേണ്ടതുണ്ട്. രാസ വളം എന്നൊക്കെ കേട്ടാൽ തന്നെ കലിതുള്ളും. അപ്പോഴാണ് രാസ വസ്തുക്കൾ അടങ്ങിയ വാക്സിൻ..:) കെമിക്കൽ അല്ലാത്ത എന്ത് വസ്തുക്കളാണ് നമുക്ക് ചുറ്റുമുള്ളത്.! രാസം സമം വിഷം എന്നാണ് പലരും കരുതുന്നത്..!
“രോഗത്തിന് കഷായവും അരിഷ്ടവും ലേഹ്യവും…ഹാ ആയൂർ വേദം പ്രകൃതിയുടെ വരദാനം എന്നാണല്ലോ…അപ്പൊ അടിപൊളി പോരട്ടെ” എന്ന് നമ്മുടെ കരൾ, ആയൂർ വേദമരുന്നുകളോട് പറയും എന്നാണു ഈ പ്രകൃതി രമണീയർ കരുതിയിരിക്കുന്നത്..!! എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. എന്ത് അകത്തേക്ക് ചെന്നാലും ദഹന പ്രക്രിയ വഴി അവയെ അടിസ്ഥാന ഘടകങ്ങളാക്കി ശരീരം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ രോഗങ്ങളോട് പ്രതികരിക്കേണ്ട രാസ സംയുകതങ്ങൾ രോഗിയുടെ ശാരീരികാവസ്ഥ അറിഞ്ഞു കൃത്യമായ അളവിൽ നൽകുന്ന അലോപ്പതി മരുന്നുകൾ തന്നെയാണ് ഗുണപ്രദം. യാതൊരു വിധ ശാസ്ത്രീയ പരീക്ഷങ്ങളും ഇല്ലാതെ വിഴുങ്ങി വിടുന്ന പല പ്രകൃതി മരുന്നുകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അപകട കാരികളാണ്. മിക്ക ആയുർവേദ മരുന്നുകളിലും അപകടകരമായ തോതിൽ ഹെവി മെറ്റലുകൾ അടങ്ങിയിരിക്കുന്നു എന്നു വിവിധ പരിശോധനാ ഫലങ്ങൾ പറയുന്നുണ്ട്.
വാക്സിനുകൾ ഒരുമിച്ചു കൊടുക്കുന്നത് കൊണ്ട് കുട്ടികളിൽ ഓട്ടിസം വരുന്നു എന്നതാണ് ഗുരുതരമായ മറ്റൊരു വാദം. ആൻഡ്രു വേക് ഫീൽഡ് (Andrew Wakefield) എന്ന ഇംഗ്ളീഷ് ഗവേഷകൻ ( MMR Measles, Mumps and Rubella) ഒരുമിച്ച് നല്കാതിരിക്കാനായി വേണ്ടത്ര തെളിവുകൾ ഇല്ലാതെ അവതരിപ്പിച്ച ഒരു പഴയ അസത്യ-വാദമാണിത്. അത് അയാളുടെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്..!
ഇടക്കിടെ വാക്സിൻ മാറ്റുന്നു എന്നാണ് മറ്റൊരു വാദം. കാലം മാറുന്നതിനനുസരിച്ചു രോഗാണുക്കളുടെ ഘടനയിലും അവയുണ്ടാക്കുന്ന അപകടങ്ങളിലും മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. പഴയ പനിയല്ല ഇപ്പോഴത്തേത്.അപ്പോൾ വാക്സിനുകളിൽ കൂടുതൽ ഗുണകരമായവ കണ്ടെത്തുമ്പോൾ അവയിലേക്ക് മാറേണ്ടേ? സ്വന്തം മൊബൈൽ ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നവർ തന്നെയാണ് ഈ വാദം ഉന്നയിക്കുന്നവർ എന്നത് രസകരമാണ്..
വാക്സിനെടുത്തു കുഴപ്പത്തിലായവരുടേത് എന്ന് പറഞ്ഞു തെറ്റായ കണക്കുകളാണ് പാവം ജനങ്ങളെ പറ്റിക്കാൻ വാക്സിൻ വിരുദ്ധർ ഉപയോഗിക്കുന്ന മറ്റൊരു ടൂൾ. ഓരോന്നായി എടുത്തു പരിശോദിച്ചാൽ വാദത്തിനായി പ്രത്യേകം ഉണ്ടാക്കിയെടുത്തതും (Cherry Picking Method) തെറ്റായി വിവരിക്കുന്നതുമാണ് (Data manipulation) മിക്ക കണക്കുകളും..
എടുക്കാത്തവർക്കു ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നതാണ് വേറെ വാദം. വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കുന്ന രോഗങ്ങൾക്ക് സാമൂഹിക സ്വഭാവമുള്ളതിനാൽ മറ്റുള്ളവരൊക്കെ വാക്സിൻ എടുക്കുന്നത് കൊണ്ട് ചിലർക്ക് വരുന്നില്ല എന്നേ പറയാനുള്ളൂ.
മതം വിരുദ്ധമാണെന്നതാണ് മറ്റൊരു വാദം. വെറുതെ ചിരിപ്പിക്കല്ലേ എന്ന് മാത്രമാണ് മറുപടി..!! ഹജ്ജടക്കമുള്ള പല മതകാര്യങ്ങൾക്കും വാക്സിൻ എടുത്തിൻറെ രേഖകൾ ഹാജരാക്കാതെ അനുമതി ലഭിക്കുകയില്ല എന്ന് അതാത് രാജ്യങ്ങളിൽ നിർബന്ധിത നിയമങ്ങൾ ഉണ്ട് എന്ന് മനസിലാക്കുക.
രോഗാവസ്ഥയിലുള്ളവർക്ക് കൊടുക്കുന്നു എന്നതാണ് മറ്റൊരു വിമർശനം, ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രോഗാവസ്ഥയിലുള്ളവർക്ക് ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ നിർദ്ദേശ പ്രകാരമേ നൽകാവൂ.
ഇപ്പോൾ നടക്കുന്ന MR വാക്സിനേഷൻ എടുക്കണോ വേണ്ടയോ എന്ന് പലരും ചോദിക്കുന്നു. 2020 ആകുമ്പോഴേക്കും മീസെൽസ്, റുബെല്ലാ എന്നീ രോഗങ്ങളെ ലോകത്തു നിന്ന് തന്നെ തുടച്ചു നീക്കുക എന്ന ലോകാരോഗ്യ സഘടനയുടെ ലക്ഷ്യത്തിനായി രൂപീകരിച്ച ഈ പദ്ധതിയിൽ ഏതാണ്ട് 150 ഓളം രാജ്യങ്ങൾ അവരുടെ കുട്ടികൾക്ക് നൽകുന്നുണ്ട്. ഈ പദ്ധതിക്കായി ഇവിടെ ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്. ലോകത്തു ആകമാനം നടത്തിയ ഇത്തരം പദ്ധതികളിലൂടെയാണ് വസൂരിയടക്കം പല രോഗങ്ങളും ഇല്ലാതായത്.
പ്രിയപെട്ടവരെ, ആരോഗ്യമാണ് സമ്പത്ത്. കണ്ടാലറക്കുന്ന അടുക്കാൻ ഭയക്കുന്ന മഹാ വ്യാധികൾ പലതും നമ്മുടെ നാട്ടിൽ വ്യാപകമായി പണ്ടുണ്ടായിരുന്നു. വസൂരി ബാധിച്ച ദേഹങ്ങളെ “പണ്ടാരമെന്നും” അവരെ മരണം വരെ കിടത്താനായി മാത്രം പുറത്തുണ്ടാക്കിയ താൽകാലിക മറയെ “പണ്ടാരപ്പുരയെന്നും” ഒടുവിൽ അനാഥമായി ചത്തൊടുങ്ങുമ്പോൾ പായിൽ കെട്ടി പൊതിഞ്ഞു മറവു ചെയ്യുന്നതിനെ “പണ്ടാരടക്കി” എന്നും നമ്മുടെ പൂർവികർ പറഞ്ഞിരുന്നു എന്ന് “ശബ്‌ദതാരാവലി” പറയുന്നു..! പണ്ടാരടങ്ങി എന്ന് വാക്കിൻറെ വ്യാപ്തിയും വേദനയുമറിയാതെ പലവട്ടം പറയുന്നവരാണ് നാം. വസൂരിയുടെ കലകൾ മാഞ്ഞ കാലം അധിക ദൂരത്തല്ല. അതെ ഒരു ജനത എന്ന നിലയിൽ നമ്മുടെ നാക്കിൻ തുമ്പിൽ നിന്ന് ഒരു വാക്കു മറയാൻ വേണ്ട കാലം പോലുമായിട്ടില്ല….
നാം ഒരോർത്തരും പുലർത്തുന്ന ജാഗ്രതയിലാണ് നമ്മുടെ സാമൂഹിക സുരക്ഷ. കൃത്യമയ ലക്ഷ്യങ്ങളുള്ള ആരോഗ്യ പദ്ധതികളോട് നാം അതാത് സമയങ്ങളിൽ സഹകരിച്ചില്ലെങ്കിൽ പഴയ രോഗങ്ങളൊക്കെയും പുതിയ ശേഷിയോടെ തിരിച്ചു വരാം. അത് നിങ്ങളെ മാത്രമായോ ഒരു സമൂഹത്തെ മുഴുവനായോ ബാധിക്കാം. അന്ന് സോഷ്യൽ മീഡിയയിലൂടെ അനാവശ്യ ഭയം പരത്തിയ വാക്‌സിൻ വിരുദ്ധന്മാരൊന്നും രക്ഷക്കെത്തില്ല. അതുകൊണ്ടു ആരോഗ്യ പൂർണ്ണമായ നല്ലൊരു നാളെക്കായി..ഏവരും MR വാക്സിനേഷൻ പദ്ധതിയോട് സഹകരിക്കുക.