മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വയം ബലിനൽകിയ ഇരുപത്തിയൊന്നുകാരനായ എയർ ട്രാഫിക് കൺട്രോളർ അന്റോണിയസ് ഗുനാവന്‍ ആണ് ഈ ഭൂകമ്പക്കാലത്ത് ഇന്തോനേഷ്യയിലെ യഥാർത്ഥ ഹീറോ.ഭൂകമ്പം പിടിച്ചുകുലുക്കിയിട്ടും സുലാവെസിയിലെ മുത്യാര വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ അന്റോണിയസ് ഗുനാവന്‍ എന്ന ആ ഇരുപത്തിയൊന്നുകാരൻ ഇരുന്നു, അവസാന വിമാനവും സുരക്ഷിതമായി പറന്നുപൊങ്ങുന്നതും കാത്ത്
പാലു ഭൂകമ്പത്തിൽ പ്രകമ്പനം കൊള്ളുമ്പോൾ വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ അന്റോണിയസിനായിരുന്നു ചുമതല. കൂടെയുണ്ടായിരുന്നവരെല്ലാം ഓടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. എന്നാൽ, ഒരു വിമാനം കൂടി ടേക്ക് ഓഫിന് ഒരുങ്ങിനിൽക്കുന്നത് കണ്ട അന്റോണിയസ് അവിടെത്തന്നെയിരുന്നു. വിമാനത്തിന് കൃത്യമായ നിർദേശങ്ങൾ നൽകി. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നപ്പോഴേക്കും വിമാനത്താവളം ഭൂകമ്പത്തിൽ തകരാൻ തുടങ്ങിയിരുന്നു.
വിമാനം സുരക്ഷിതമായി പറന്നുയർന്നു എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അന്റോണിയസ് സ്വന്തം ജീവനെകുറിച്ച് ചിന്തിച്ചത്. പക്ഷെ, അപ്പോഴേക്കും സമയം വൈകിയിരുന്നു. തകർന്നു തുടങ്ങിയ നാലു നില ടവറിൽ നിന്നും അയാൾ താഴേക്ക് ചാടി, രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്നോണം. നിലത്ത് പതിച്ച അന്റോണിയസിന് ഗുരുതരമായ പരിക്കേറ്റു. രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധ ചികിത്സക്ക് ഹെലികോപ്റ്ററിൽ കൊണ്ട്പോകാൻ ഒരുങ്ങവെ അന്റോണിയസ് വിടപറഞ്ഞു. ഒരുപാട് പേർക്ക് വേണ്ടി തന്റെ ജീവൻ ബലിനൽകിക്കൊണ്ട്.