തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അനുപമ. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു. കേസിൽ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മാധ്യമങ്ങൾ ഉൾപ്പെടെ ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും സമരം തുടരുമെന്നും അവർ വ്യക്തമാക്കി. കുഞ്ഞിനെ താനറിയാതെ മാറ്റിയവർക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരും. എന്നാൽ ഇനി കൈക്കുഞ്ഞുമായി സമരപ്പന്തലിൽ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ സമര രീതി മാറ്റുമെന്നും അനുപമ പറഞ്ഞു.
കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു.
കുഞ്ഞുമായി ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തലിൽ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. പിന്നീട് കുഞ്ഞുമായി അനുപമ സൂഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങി.