തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെയും, അനുപമയുടേയും ഭർത്താവ് അജിത്കുമാറിന്റെയും ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്. ബുധനാഴ്ച ഫലം ലഭിക്കും.
തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്നും അനുപമ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ദത്ത് നൽകിയ കുഞ്ഞിനെ പ്രത്യേകസംഘം വിമാനമാർഗം ആന്ധ്രാപ്രദേശിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫെയർ കൗൺസിലിന്റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ മേൽനോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. തുടർന്ന് കുഞ്ഞിനെ കുന്നുകുഴിയിലെ നിർമല ശിശുഭവനിലേക്ക് മാറ്റി. ഈ മാസം 18നാണ് കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈൽഡ് വെൽെഫയർ കമ്മിറ്റി ചൈൽഡ് വെൽഫെയർ കൗൺസിലിന് നിർദേശം നൽകിയത്.