കണ്ണൂര്‍: എപി എബ്ദുള്ളക്കുട്ടി ഇത്തവണ കോടതിയിലെത്തിയത് വക്കീല്‍ കുപ്പായമണിഞ്ഞാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചപ്പോഴും അബ്ദുള്ളക്കുട്ടി പഠിച്ച പണിയെടുക്കാനാണ് ആഗ്രഹിച്ചത്. ഇത്തവണ തലശേരിയില്‍ നിന്ന് മത്സരിച്ച് തോറ്റതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടി കറുത്ത കോട്ടണിയാന്‍ തീരുമാനിച്ചത്.
വക്കീല്‍കോട്ടിട്ട് അബ്ദുള്ളക്കുട്ടി പരിശീലനത്തിനായി കോടതിയില്‍ ഹാജരായി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ ശേഷം രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുപ്പായമാണ് അണിഞ്ഞത്. 1999 മുതല്‍ 2009 വരെ തുടര്‍ച്ചയായി കണ്ണൂരില്‍ നിന്ന് ഇടതുപക്ഷ എംപിയായി. നരേന്ദ്ര മോദിയേയും ഗുജറാത്ത് മോഡലിനേയും പ്രകീര്‍ത്തിച്ചതിന് സിപിഐഎമ്മില്‍ നിന്ന് പുറത്തായി.
കെ സുധാകരന്റെ വലംകൈയ്യായി കോണ്‍ഗ്രസില്‍ എത്തി. 2009 ലെ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ എംഎല്‍എയുമായി. 2011 ല്‍ അത് ആവര്‍ത്തിച്ചു. അതിനിടെ സരിതാ കേസില്‍പെട്ട് സുധാകരന്റെ കണ്ണിലെ കരടായി മാറിയ അബ്ദുള്ളക്കുട്ടിയെ തലശേരിയില്‍ ഇറക്കി തോല്‍പ്പിച്ചു. ഡിവൈഎഫ്ഐക്കാര്‍ കിട്ടുന്ന തക്കം നോക്കി പരസ്യമായും സ്വന്തം പാര്‍ട്ടിക്കാര്‍ രഹസ്യമായും നിലംപരിശാക്കിയതോടെ സ്വയം തൊഴിലുമായി രംഗത്തിറങ്ങി. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഉചിതമായ പണി വക്കീലിന്റേതാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
അഡ്വക്കേറ്റ് ഇ നാരായണന്റെ കീഴിലാണ് അബ്ദുള്ളക്കുട്ടി പ്രാക്ടീസ് നടത്തുന്നത്. ആദ്യമായി കോട്ടിട്ട് കണ്ണൂര്‍ കോടതിയിലേക്ക് കയറുമ്പോള്‍ ഇത് പ്രവേശനോത്സവം ആക്കണമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ കമന്റ്.