തൃശൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് തൃശൂര്‍ അതിരൂപത. റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ പറഞ്ഞിരുന്നു . കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട് കര്‍ഷക ജ്വാലാ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന അനങ്ങാപ്പാറ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയായെന്ന് അതിരൂപതാ മുഖപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
പാംപ്ലാനിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാനും അവഹേളിക്കാനും അവസരം മുതലാക്കാനും പലരും മത്സരിക്കുകയാണെന്നും അതിരൂപത മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. മറിച്ച് കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നം പരിഹരിക്കുകയെന്നത് ആരുടേയും അജണ്ടയല്ലെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്ന താല്‍പര്യം മാത്രമേ ഈ വിവാദങ്ങളില്‍ പ്രതിഫലിച്ചിട്ടുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികളുടെ നേട്ടമോ കോട്ടമോ ആണ് വിവാദത്തിന്റെ ഉന്നം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആരുടേയും അജണ്ടയിലില്ല. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.’ ‘സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ?’ എന്ന തലക്കെട്ടോടെയാണ് തൃശൂര്‍ അതിരൂപത ലേഖനം പ്രത്യക്ഷപ്പെട്ടത്.
പാംപ്ലാനിയുടെ പ്രസ്താവന വന്ന് ഒരാഴ്ച്ചക്കകം നാലുമാസമായി മുടങ്ങികിടക്കുന്ന സബ്‌സിഡി റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിച്ചു. ഇത് വോട്ട് ചോര്‍ച്ചയുടെ ഭീതിമൂലമുണ്ടാവുന്ന ത്വരിതഗതിയിലുള്ള സര്‍ക്കാര്‍ നടപടിയായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ തെറ്റുപറയാനാകില്ലെന്നും ലേഖനത്തില്‍ പറയുന്നു. പിതാവിന്റെ പ്രസംഗത്തിലെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നതല്ല, മെത്രാന്‍മാര്‍ അത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നത് ചിലര്‍ക്ക് ധഹിക്കുന്നില്ലായെന്നതാണ് ഗൗരവമുള്ള പ്രശ്‌നമെന്നും തൃശൂര്‍ അതിരൂപത ചൂണ്ടിക്കാട്ടി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആരോപണങ്ങള്‍ പില്‍ക്കാലത്ത് ശരിയായില്ലേയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകളിലും തൃശൂര്‍ അതിരൂപത പരസ്യവിമര്‍ശനം ആവര്‍ത്തിച്ചു. ഭരണഘടനാ വിരുദ്ധമായ, ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടതും സ്വാശ്രയ വിഷയത്തില്‍ കത്തോലിക്കാസഭ മുന്നോട്ടുവെച്ച സമീപനത്തെ അംഗീകരിക്കേണ്ടി വന്നതും ചരിത്രമാണെന്നും ലേഖനും ഓര്‍മ്മിപ്പിച്ചു.