വന്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ പോലും തകര്‍ത്തെറിഞ്ഞ ശക്തമായ പ്രളയമാണ് കേരളം നേരിട്ടത്. പല കൂറ്റന്‍ വീടുകളും പാലങ്ങളും നാമാവശേഷമായി. അപ്പോള്‍ പിന്നെ മണ്‍വീടുകളുടെ അവസ്ഥ എന്തായിരിക്കും. എന്നാല്‍ ഈ പ്രളയ ദുരന്തത്തെ അതിജീവിച്ച പ്രസിദ്ധമായ ഒരു മണ്‍വീടുണ്ട്. പ്രളയത്തെ അതിജീവിച്ച ആ വീട് മറ്റാരുടേതുമല്ല പ്രശസ്ത ആര്‍ക്കിടെക്റ്റായ ജി. ശങ്കറിന്റെ സ്വന്തം വീടാണത്.
ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ സിദ്ധാര്‍ത്ഥയെന്ന മണ്‍വീടുതന്നെ സാക്ഷ്യം പറയും. ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ മെനഞ്ഞെടുത്ത ഒരു ആയുസിന്റെ സ്വപ്നമാണ് സിദ്ധാര്‍ത്ഥയെന്ന മണ്‍വീട്.
മണ്‍വീട് കണ്ട് പലരും പറഞ്ഞു, ഒരു മഴവരട്ടെ അപ്പോള്‍ കാണാമെന്ന്. പക്ഷേ മഴയല്ല വന്നത് പ്രളയമാണ്. സിദ്ധാര്‍ത്ഥയും പാതിയോളം വെള്ളത്തില്‍ മുങ്ങി. എന്റെ രക്തം, എന്റെ വിയര്‍പ്പ് എന്റെ കണ്ണുനീര്‍ എന്ന അടിക്കുറിപ്പോടെ പ്രളയത്തില്‍ പാതിമുങ്ങിയ സ്വന്തം വീടിന്റെ ചിത്രം ശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
പ്രളയകാലവും കഴിഞ്ഞ് ശങ്കര്‍ വീണ്ടും സോഷ്യല്‍ മീഡിയയിലെത്തിയത് പ്രളയത്തെ അതിജീവിച്ച സിദ്ധാര്‍ത്ഥയുടെ ചിത്രങ്ങളുമായാണ്.
പ്രളയത്തിനുശേഷവും സിദ്ധാര്‍ത്ഥ സുരക്ഷിതമായി ആരോഗ്യത്തോടെയും ദൃഢതയോടെയും ഇരിക്കുന്നു. ഈര്‍പ്പം തങ്ങിനിന്നതിന്റെ ചില പാടുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ സിദ്ധാര്‍ത്ഥയ്ക്ക് മറ്റ് കേടുപാടുകള്‍ ഒന്നുമില്ല. നല്ലൊരു വെയില്‍ വന്നാല്‍ അതും പോകുമെന്ന് ശങ്കര്‍ പറയുന്നു. ഇനി മണ്‍വീടിന്റെ ദൃഢതയെപ്പറ്റി ആര്‍ക്കും സംശയമുണ്ടാകില്ലെന്നതാണ് ശങ്കറിന്റെ സന്തോഷം.