ദയവ് ചെയ്ത് അമ്മയെ പോകാന്‍ അനുവദിക്കണം; കൈകൂപ്പി അര്‍ജുന്‍ കപൂര്‍ പറഞ്ഞു; ശ്രീദേവിയെ അച്ഛന്റെ രണ്ടാം ഭാര്യയെന്ന് പറഞ്ഞ താരം ഇപ്പോള്‍ അമ്മയെന്ന് വിളിച്ചു; രണ്ട് സഹോദരിമാരെയും ചേര്‍ത്തുപിടിച്ച് അവസാനം വരെ കൂടെനിന്നു

വെള്ളിത്തിരയുടെ സ്വപ്ന സുന്ദരി ഇനി ഇല്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ ഭൗതികദേഹം വഹിച്ചുള്ള പുഷ്പാലംകൃത വാഹനത്തിന് മുന്നില്‍ ഇന്നലെ തടിച്ച് കൂടിയ ജനസാഗരം അതിന്റെ തെളിവായിരുന്നു. മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു നിശ്ചല ശരീരമായി പ്രിയപ്പെട്ട നഗരത്തിലേക്ക് ശ്രീദേവിയുടെ മടങ്ങി വരവ്. അന്ധേരിയിലെ വീട്ടില്‍ നിന്നും പാര്‍ലെയിലെ ശ്മശാനത്തേക്കുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ തടിച്ച് കൂടിയത് മുംബൈയില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ അവരുടെ ജന്‍മനാടായ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആരാധകര്‍ എത്തി. വെള്ള ലില്ലി പൂക്കളും മുല്ലപ്പൂക്കളും വെച്ച് അലങ്കരിച്ച വാഹനത്തിലായിരുന്നു വിലാപയാത്ര. വന്‍ ജനക്കൂട്ടമായിരുന്നു ശ്രീദേവിയുടെ വിലാപയാത്രയില്‍ അനുഗമിച്ചത്. പലപ്പോഴും ആളുകളെ നിയന്ത്രിക്കാനാകാതെ പോലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു.വിലാപയാത്രയില്‍ നിരവധി പ്രമുഖരും അനുഗമിച്ചു. എടുത്ത് പറയേണ്ടയാള്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകന്‍ അര്‍ജുന്‍ കപൂര്‍ തന്നെയായിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അര്‍ജുന്‍ അവരുടെ മരണ വാര്‍ത്തയോട് പ്രതികരിച്ച് ‘അമ്മ’ എന്ന് വിളിച്ച് കൊണ്ടായിരുന്നു.  മുംബൈയിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആയ ഫ്യൂച്ചര്‍ സ്റ്റുഡിയോസിന്റെ സിഇഒയും ബോളിവുഡ് നിര്‍മ്മാതാവായിരുന്ന ആയിരുന്ന മോണ കപൂറിനെ 1983 ല്‍ ആയിരുന്നു ബോണി കപൂര്‍ വിവാഹം കഴിക്കുന്നത്.13 വര്‍ഷം ആയിരുന്നു മോണയുടേയും ബോണിയുടേയും ദാമ്പത്യത്തിന്റെയും ആയുസ്സ്. 1996 ല്‍ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തിലെ മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും. കാന്‍സര്‍ ബാധിച്ച് 2012 ല്‍ മോണ മരിച്ചു. ശ്രീദേവിയുടെ കടന്നുവരവോടെയാണ് ബോണി കപൂര്‍-മോണ ബന്ധത്തില്‍ വിള്ളലുകള്‍ വന്നത്. അതോടെ ഇരു കുടുംബങ്ങളും തമ്മില്‍ വന്‍ ശത്രുതയിലായിരുന്നു. ജാന്‍വിയുടെ സിനിമാ പ്രവേശവും ശ്രീദേവിയുടെ സിനിമയിലേക്കുള്ള മടങ്ങി വരവുമെല്ലാം ബോളിവുഡ് ആഘോഷിച്ചപ്പോള്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ബോണിയുടെ ആദ്യ ഭാര്യയിലെ മകനായ അര്‍ജ്ജുന്‍ കപൂര്‍ തയ്യാറായിരുന്നില്ല. ഒരു ചാനലിലെ അഭിമുഖത്തിനിടയിലാണ് ശ്രീദേവിയേയും ജാന്‍വിയേയും കുറിച്ചുള്ള ചോദ്യത്തിന് അര്‍ജ്ജുന്‍ കപൂര്‍ ഇങ്ങനെ പ്രതികരിച്ചത്. അവര്‍ തന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണെന്നും ഞങ്ങളുടെ ജീവിതം തകര്‍ത്തത് അവരാണെന്നുമായിരുന്നു അര്‍ജ്ജുന്‍ കപൂര്‍ പരസ്യമായി പ്രതികരിച്ചത്. എന്നാല്‍ ശ്രീദേവിയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്തു വന്നയുടന്‍ വര്‍ഷങ്ങളായുള്ള ദേഷ്യം മഞ്ഞ് പോലെ ഉരുകുകയായിരുന്നു. ഉടന്‍ തന്നെ അര്‍ജ്ജുന്‍ ദുബൈയിലേക്ക് തിരിച്ചു. അച്ഛന്‍ ബോണി കപൂറിന് താങ്ങും തണലുമായി മൂന്ന് ദിവസവും അര്‍ജ്ജുന്‍ കപൂര്‍ ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട നടപടികളിലും പൂര്‍ണമായി സഹകരിച്ച് അര്‍ജ്ജുന്‍ ബോണി കപൂറിനും കുടുംബത്തിനും ഒപ്പം തന്നെ നിന്നു.

ശ്രീദേവിയുടെ മരണത്തിന് മുമ്പ് ബോണി-ശ്രീദേവി ദമ്പതികളുടെ മക്കളായ ജാന്‍വിയുമായും ഖുശിയുമായും അര്‍ജ്ജുന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച ഇരുവര്‍ക്കുമടുത്തേക്ക് ഒരു മുതിര്‍ന്ന സഹോദരന്റെ വാത്സല്യവുമായി അര്‍ജ്ജുന്‍ ഓടിയെത്തി. അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. അവരെ സമാധാനിപ്പിച്ചു. വിലാപയാത്രയില്‍ ശ്രീദേവിയുടെ കുടുംബത്തിനൊപ്പം തന്നെ അര്‍ജ്ജുന്‍ എല്ലാ കര്‍മ്മങ്ങളിലും പങ്കെടുത്തു. പ്രിയ നടിയെ അവസാനമായി കാണാനെത്തിയ ജനസാഗരം വിലാപയാത്രയ്ക്ക് തടസ്സമായതോടെ ആ മകന്‍ കൈകൂപ്പി യാചിച്ചു. ദയവ് ചെയ്ത് ‘എന്റെ അമ്മയെ’ പോകാന്‍ അനുവദിക്കണം. പാര്‍ലെയിലെ ശ്മശാനത്തിലേക്കുള്ള ഏഴ് കിലോമീറ്റര്‍ ദൂരം ജനം കടല്‍ പോലെ ഇരമ്പി നീങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top