പാലക്കാട്: മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബു മലമുകളില്‍ അവശനിലയിലെന്ന് റിപ്പോര്‍ട്ടുകൾ. മലമുകളില്‍ നിന്ന് ഭക്ഷണം നല്‍കിയെങ്കിലും ബാബു ഛര്‍ദ്ദിച്ചു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനായി ബാബുവിനെ എയർലിഫ്റ്റ് ചെയ്തു.
ബാബുവിനെ ജില്ലാ ആശുപത്രിയിലാണ് എത്തിക്കുക. ഡോക്ടർമാരുടെ സംഘം ഹെലിപാഡിന് സമീപത്ത് സജ്ജമായിരുന്നു.
മരണ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയുമാണ് പുതു ജീവിതം ബാബു ആരംഭിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇപ്പോൾ വൈറലാണ്. സൈനികര്‍ക്ക് ബാബു ഉമ്മ കൊടുക്കുന്നതും ഇന്ത്യന്‍ ആര്‍മി കീ ജയ് എന്നും ഭാരത് മാതാ കീ ജയ് വിളിക്കുന്നതും വിഡിയോയിൽ കാണാം.
ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങി. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോള്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. വീഴ്ചയില്‍ കാലിനു പരുക്കേറ്റു.