ശാലിനി ( Herald സ്‌പെഷ്യൽ റിപ്പോർട്ട് )
ന്യൂ ഡല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച മികച്ച യുദ്ധോപകരണങ്ങള്‍ ആണ് ഇന്ത്യക്കിനി ആവശ്യമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് . പുതിയതും മികവുറ്റതുമായ യുദ്ധ മുറകളും ഓപറേഷനുകളും രാജ്യത്തിന് ആവശ്യമാണ്. ഓരോ ദിവസവും നമ്മുടെ സൈനികര്‍ നേരിടുന്ന വെല്ലുവിളികള്‍ ഞൊടിയിടയില്‍ നേരിടാന്‍ രാജ്യം സജ്ജമാകണം. സുരക്ഷാ സേനകള്‍ ഏറ്റവും പുതിയ യുദ്ധ തന്ത്രങ്ങളും പരിശീലന മുറകളും അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നാല്‍ മാത്രമേ കാലത്തിനൊത്ത് മുന്നേറാന്‍ സാധിക്കൂ. എല്ലാ മേഖലയിലും അതായത് , കര, നാവിക, വ്യോമയാന മേഖലകളിലും പാര മിലിട്ടറി വിഭാഗങ്ങളിലും പോലീസിലും എല്ലാം മികച്ച സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കണം എന്നും അദ്ദേഹം ആര്‍മി ടെക്നോളജി സെമിനാറില്‍ പറഞ്ഞു.
ഭാവിയില്‍ രാജ്യം അഭിമുഖീകരിക്കേണ്ടി വരിക കഠിനമായ യുദ്ധങ്ങള്‍ ആണെങ്കില്‍ അവയെ നേരിടാനും തയാരായിരിക്കണം. ഇറക്കുമതി ചെയ്യുന്ന യുദ്ധോപകരണങ്ങളെക്കാള്‍ നമുക്കിനി ആവശ്യം സ്വയം നിര്മിതവും ആധുനികവുമായ ഉപകരണങ്ങള്‍ ആണ്. കരസേന എല്ലാ തരത്തിലും ഇപ്പോള്‍ ശരിയായ പാതയില്‍ മുന്നെരിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സൈന്യത്തിന് അനുവദിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് മികച്ചതാണ് അത്തരം ടെക്നോളജികള്‍ ഇനിയും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആധുനികമായ വാഹനങ്ങള്‍, ബുള്ളറ്റ് പ്രൂഫുകള്‍, തോക്കുകള്‍ തുടങ്ങി എല്ലാം സൈന്യം ഉപയോഗിച്ച് ശീലിക്കേണ്ട സാഹചര്യം ആണ്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നും സൈനികരോട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്ഷം 7 ലക്ഷം റൈഫിളുകള്‍ 44000 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ ആണ് സൈന്യം വാങ്ങിയത്.
ഇറക്കുമതി ചെയ്യുന്ന യുദ്ധോപകരണങ്ങള്‍ കാലക്രമേണ കുറച്ചുകൊണ്ടു വരാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. മേക് ഇന്‍ ഇന്ത്യ പദ്ധതി സൈനിക മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ ഉണ്ടായേക്കാവുന്ന യുദ്ധ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് നാം സജ്ജരായിരിക്കണം എന്ന് നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു.