ബംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടനിലേക്കായിരുന്നു യാത്ര.
വെല്ലിങ്ടൻ സൈനിക കോളജിലെ ഡയറക്‌ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽനിന്ന് എൽസിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുൺ സിങ് വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമായി തുടർന്നെങ്കിലും മരുന്നുകളോടു പ്രതികരിക്കുന്നത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. വരുൺ സിങ്ങിന് ചർമം (സ്കിൻ ഗ്രാഫ്റ്റ്) വച്ചുപിടിപ്പിക്കാനും ശ്രമിച്ചിരുന്നു.