തിരുവനന്തപുരം: മലയാളികള്‍ പൊങ്ങച്ചം കാണിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കാറില്ല. അതിനുദാഹരണമാണ് കാറില്‍ അശോകസ്തംഭം പതിപ്പിക്കുന്ന പരിപാടി. മക്കള്‍ പട്ടാളത്തില്‍ ഓഫീസര്‍ ആണെങ്കിലും ചിലര്‍ കാറില്‍ അശോകസ്തംഭം പതിപ്പിക്കും. ചിലര്‍ പോലീസിന്റെ പരിശോധനയില്‍ നിന്ന് തടിതപ്പുന്നതിനുവേണ്ടിയും ഇങ്ങനെ ചെയ്യുന്നു.
എന്നാല്‍ ഇനി ഈ പരിപാടി നടക്കില്ലെന്നു മാത്രമല്ല ഇങ്ങനെ ചെയ്യുന്നവര്‍ ജയിലില്‍ കിടക്കേണ്ടിയും വരും. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ അശോക സ്തംഭം പതിപ്പിച്ച കാറില്‍ നഗരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചത് സൈനികന്‍ അറസ്റ്റിലായ സംഭവമാണ് പലര്‍ക്കും ഒരു പാഠം നല്‍കുന്നത്. വെമ്പായം നെടുവേലി കടുവാക്കുഴി അമ്പാടി വീട്ടില്‍ രാമചന്ദ്രന്‍നായര്‍ (45 ) ആണ് അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ക്ക് പുറമേ അശോക സ്തംഭം ദുരുപയോഗം ചെയ്തതിനും കേസെടുത്തു. സാധാരണ ഗതിയില്‍ ഗവര്‍ണറും അതിന് മുകളിലുള്ളവര്‍ക്കും മാത്രമാണ് അശോകസ്തംഭത്തിന്റെ എംബ്ലം കാറില്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നുള്ളൂ. എന്നാല്‍ , ഇതിന് ഘടകവിരുദ്ധമായാണ് സൈനികന്‍ കാറില്‍ അശോകസ്തംഭം ഉപയോഗിച്ചത്. ഇത്തരത്തില്‍ കാറിലും ബൈക്കിലും അശോകസ്തംഭം പിതിച്ചവര്‍ നിരവധിയാണ്.
മദ്യപിച്ച് കാറോടിച്ച് രാമചന്ദ്രന്‍ നായര്‍ എസ്ഐയുയും പൊലീസുകാരനെയും ആക്രമിച്ചിരുന്നു. മദ്യലഹരിയില്‍ അഴിഞ്ഞാടിയ ഇയാളെ വളരെ സാഹസികമായാണ് അറസ്റ്റു ചെയ്തത്. രാമചന്ദ്രന്‍നായരെ കൂടാതെ ഇയാളെ സഹായിക്കാനെത്തിയ വഴയ്ക്കാട് അനില്‍ അനില്‍കുമാര്‍ (45) എന്നയാളും പിടിയിലായിട്ടുണ്ട്. ഇന്നലെ രാവിലെ പത്തു മണിയോടെ നന്നാട്ടുകാവ് വഴയ്ക്കാട് ജംക്ഷനിലാണു സംഭവം. പോത്തന്‍കോട് എസ്ഐ: വി എസ്. പ്രശാന്ത്, ഡ്രൈവര്‍ സുധീര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇരുവരും അണ്ടൂര്‍ക്കോണം പ്രാഥമിക ആശുപത്രിയില്‍ ചികില്‍സ തേടി.
പട്രോളിങ്ങിനിടയില്‍ ഗവര്‍ണറും അതിനും മുകളില്‍ ഉള്ളവരും മാത്രം ഉപയോഗിക്കുന്ന അശോകസ്തംഭം എംബ്ലമായി പതിച്ച കാര്‍ അപകടകരമായ രീതിയില്‍ അലക്ഷ്യമായി ഓടിച്ചു വരുന്നതുകണ്ട് എസ്ഐ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കാറോടിച്ചിരുന്ന രാമചന്ദ്രന്‍ നായര്‍ ദേഷ്യപ്പെട്ട് എസ്ഐക്കു നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞു. കൈവശം ഉണ്ടായിരുന്ന താക്കോല്‍ കൊണ്ടു നെഞ്ചിലും കൈവണ്ണയിലും കുത്തി മുറിവേല്‍പ്പിച്ചു. എസ്ഐയെ സഹായിക്കാനെത്തിയ ഡ്രൈവര്‍ സുധീറിനെയും ആക്രമിച്ചു. ഒടുവില്‍ രാമചന്ദ്രന്‍ നായരെ ഇരുവരും ചേര്‍ന്നു സാഹസികമായി കീഴ്പെടുത്തി. രാമചന്ദ്രന്‍ നായരെ സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കവെ പൊലീസിനു നേരെ അസഭ്യം പറഞ്ഞെത്തിയ അനില്‍കുമാറും കസ്റ്റഡിയിലായി. രാമചന്ദ്രന്‍ നായര്‍ ഉപയോഗിച്ചിരുന്ന കാറും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.