പതഞ്ജലി ഉത്പന്നത്തില്‍ മായമെന്ന് റിപ്പോര്‍ട്ട്; മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്തത്; സൈനിക ക്യാന്റീനുകളില്‍ നിരോധിച്ചു

ഡല്‍ഹി: പതഞ്ജലി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. മായം ചേര്‍ത്തെന്ന് കണ്ടെത്തിയതിനാല്‍ പതഞ്ജലിയുടെ നെല്ലിക്കാ ജ്യൂസ് നിരോധിക്കാന്‍ സൈനിക ക്യാന്റീനുകള്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ സൈനികക്യാന്റിനുകളിലെ വിതരണ വിഭാഗമായ ക്യാന്റീന്‍ സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി) ആണ് പതഞ്ജലി നെല്ലിക്കാ ജ്യൂസിന്റെ വില്‍പ്പന നിര്‍ത്തിവെച്ചത്. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് ജ്യൂസ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ മൂന്നിന് രാജ്യത്താകെയുള്ള ആര്‍മി ക്യാന്റീനുകളില്‍ ബാക്കിയുള്ള നെല്ലിക്കാ ജ്യൂസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് സിഎസ്ഡി കത്തയച്ചു. ഇത് പതഞ്ജലിയെ തിരിച്ചേല്‍പ്പിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുവെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പതഞ്ജലി എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വദേശീയെന്ന ലേബലില്‍ ജീന്‍സ് വരെ പുറത്തിറക്കാന്‍ തയ്യാറാകുകയാണ് രാംദേവും സംഘവും. വിദേശസ്ഥാപനങ്ങള്‍ ഇന്ത്യക്കാരെ ഭക്ഷണത്തില്‍ മായം ചേര്‍ത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉള്‍പ്പെടെ പ്രചരിപ്പിച്ചാണ് ഉല്‍പ്പന്നങ്ങള്‍ ജനകീയമായതും. മായം ചേര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള മാഗിയുടെ വീഴ്ചയില്‍ പിടിച്ച് കയറിയ രാംദേവിന്റെ കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എട്ടിന്റെ പണിയാണ്. സൈന്യത്തിന്റെ വിശ്വാസ്യതയെ എന്നും ഉയര്‍ത്തിപ്പിടിച്ച രാംദേവിനും അനുയായികള്‍ക്കും ഇറക്കാനും തുപ്പാനും കഴിയാത്ത സ്ഥിതിയാണിപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതഞ്ജലിയുടെ ഏറ്റവും ആദ്യം പുറത്തിറക്കിയ ഉത്പന്നങ്ങളിലൊന്നാണ് നെല്ലിക്കാ ജ്യൂസ്. മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലുള്ളതാണ് ജ്യൂസെന്നാണ് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് കണ്ടെത്തിയത്. 12 ലക്ഷത്തോളം സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഏകദേശം 5300 തരം ഉല്‍പ്പന്നങ്ങളാണ് ആര്‍മ്മി ക്യാന്റീനിലൂടെ വില്‍ക്കപ്പെടുന്നത്.

കൊല്‍ക്കത്തയിലെ ഇതേ ലാബ് തന്നെയാണ് മാഗിക്കെതിരെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടിയ അളവില്‍ ലെഡും എംഎസ്ജിയുമുണ്ടെന്ന റിപ്പോര്‍ട്ട് രാജ്യത്തും പുറത്തും വലിയ തിരിച്ചടി മാഗിക്ക് നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുന്‍പുണ്ടായ ഈ നടപടിയെ തുടര്‍ന്ന് വിപണിയിലെ എല്ലാ മാഗി നൂഡില്‍സും നെസ്ലേ പിന്‍വലിച്ചിരുന്നു. നെസ്ലേയുടെ ഈ പിന്‍മാറ്റം മുതലെടുത്താണ് പതഞ്ജലി ഇന്ത്യന്‍ ഭക്ഷ്യവിപണിയില്‍ പിടിമുറുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും പതഞ്ജലിക്കുണ്ടെന്ന് എതിരാളികള്‍ ആരോപിക്കുന്നു.

സമാനമായ വിവാദത്തില്‍ പതഞ്ജലി ഉള്‍പ്പെടുന്നത് ഇതാദ്യമായല്ല. ന്യൂഡില്‍സും പാസ്തയുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യമായ ലൈസന്‍സ് ഇല്ലാതെ വില്‍ക്കുന്നുവെന്നതിനാല്‍ മുന്‍പ് തന്നെ പതഞ്ജലി വിവാദങ്ങളില്‍ പെട്ടിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയില്‍ പതഞ്ജലിയുടെ പരസ്യങ്ങളും മുന്‍പി വിവാദങ്ങളില്‍ പെട്ടിരുന്നു. ഈ പരസ്യങ്ങള്‍ക്കെതിരെ എഫ്എസ്എസ്എഐയുടെ നടപടിയുമുണ്ടായിരുന്നു.

1948ലാരംഭിച്ച രാജ്യത്തെ ആര്‍മ്മി ക്യാന്റീനുകള്‍ 5300ഓളം ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്. ഇതില്‍ പതഞ്ജലിയുടെ നിരവധി ഉല്‍പ്പന്നങ്ങളുമുണ്ട്. രാജ്യത്താകെ 3901 ക്യാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാന കമ്പനികളുടെയെല്ലാം അഞ്ചുമുതല്‍ ഏഴുവരെ ശതമാനം ഉല്‍പ്പന്നങ്ങള്‍ ഈ ക്യാന്റീനുകള്‍ വഴിയാണ് വില്‍ക്കപ്പെടുന്നത്. 12 ലക്ഷത്തോളം സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായാണ് ക്യാന്റീന്‍ ഒരുക്കിയിരുന്നത്.

Top