രഹസ്യ വിവരങ്ങള്‍ ചോരുന്നു; സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കരുതെന്ന് സൈനികരോട് അധികൃതര്‍

featured

ദില്ലി: രഹസ്യ വിവരങ്ങള്‍ സൈനികര്‍ വഴി പുറത്തുപോകുന്നുവെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ വഴി സൈനികരെ പാക് ചാരന്മാരും ഭീകരരും ട്രാപ്പിലാക്കുന്നുവെന്നാണ് വിവരം. ഇതോടെ സൈനികര്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് അധികൃതര്‍ പുറപ്പെടുവിച്ചത്. സോഷ്യല്‍ മീഡിയ വഴി അപരിചിതരായ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്.

അതുകൊണ്ട് തന്നെ സൈനികര്‍ ഇത്തരം ബന്ധങ്ങള്‍ തുടരുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറയുന്നു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പെണ്‍കുട്ടികള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജാഗ്രത പാലിക്കേണ്ടത്. പാക്ക് ചാരന്മാരും ഭീകരരും രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദ്ദശം.

സുപ്രധാന മേഖലകളില്‍ നിയോഗിച്ചിട്ടുള്ള സൈനികര്‍ ഒരുകാരണവശാലും പ്രത്യേക മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഐ.ടി.ബി.പി ഡയറക്ടര്‍ കൃഷ്ണ ചൗധരി നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാനിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ പെണ്‍കുട്ടികളെന്ന വ്യാജേന ഫെസ്ബുക്കില്‍ ഉണ്ട്. അവര്‍ സൈനികര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിക്കുന്നു. ശേഷം കൂടുതല്‍ അടുത്തിടപഴകാന്‍ പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് പതിവ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ജി.പി.എസ് ലോക്കോഷന്‍, ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സുപ്രധാന വിവരങ്ങളും മറ്റും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. നിയന്ത്രണ രേഖയിലെ 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ സംരക്ഷണത്തിലാണ്. പ്രദേശത്ത് വിന്യസിച്ചിട്ടുള്ള സൈനികരില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ചോരുന്നത് അപകടമാണ്.

പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും ഭീകര സംഘടനകള്‍ക്കും വേണ്ടിയാണ് ഇത്തരം ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഐ.ടി.ബി.പി ഡയറക്ടര്‍ കൃഷ്ണ ചൗധരി നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ കൂടി ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ് എ.ടി.ബി.പി.യുടെ അഭിപ്രായം. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ സൗഹൃദങ്ങളില്‍ വീണ സൈനികര്‍ പത്താന്‍കോട്ട് ആക്രമണത്തില്‍ ഭീകരര്‍ക്ക് സഹായകമായി എന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു.

Top