അത്യുഗ്രൻ ഇന്നിംഗ്സ് ജയവുമായി ടീം ഇന്ത്യ…!! പരമ്പര തൂത്തുവാരി; നാലാം ദിനം 12 പന്തിനിടെ രണ്ട് വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റും വിജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരി. ഒരു ദിവസം ശേഷിക്കെ ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യന്‍ വമ്പൻ വിജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ വെറും 133 റണ്‍സിന് പുറത്തായി. നാലാം ദിനം 12 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിയ്ക്ക് ഒരു റണ്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. അതിനിടയില്‍ അവര്‍ക്ക് ശേഷിച്ച രണ്ട് വിക്കറ്റുകളും നഷ്ടമായി.

335 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക, 48 ഓവറിലാണ് 133 റൺസിന് പുറത്തായത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായെത്തി ദക്ഷിണാഫ്രിക്കയുടെ ആയുസ് നാലാം ദിനത്തിലേക്ക് നീട്ടിയെടുത്ത തെയൂനിസ് ഡിബ്രൂയിൻ, പതിനൊന്നാമൻ ലുങ്കി എൻഗിഡി എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീമാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്.

ഇന്നിങ്സിനും 202 റൺസിനുമാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത് ഇതാദ്യം. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമയാണ് കളിയിലെ താരം. പരമ്പരയുടെ താരവും രോഹിത് തന്നെയാണ്.

നേരത്തെ മൂന്നാംദിനം ഇന്ത്യയുടെ പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ മികവുപുലര്‍ത്തിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. രണ്ടിന് ഒമ്പതു റണ്‍സെന്നനിലയില്‍ മൂന്നാം ദിനം ഒന്നാമിന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. സ്‌കോര്‍ 16-ല്‍നില്‍ക്കെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ (1) മടക്കി ഉമേഷ് യാദവാണ് വേട്ടയ്ക്ക് തുടക്കംകുറിച്ചത്. മൂന്നാം വിക്കറ്റില്‍ സുബൈര്‍ ഹംസയും (62) ടെംബ ബാവുമയും (32) ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു. എന്നാല്‍, 107-ല്‍നില്‍ക്കെ ഹംസയെ രവീന്ദ്ര ജഡേജയും അതേസ്‌കോറില്‍ ബാവുമയെ അരങ്ങേറ്റക്കാരന്‍ ഷഹബാസ് നദീമും മടക്കി.

Top