ഗാന്ധിയുടെയും ബുദ്ധന്റെയും നാടായ ഭാരതത്തില്‍ അസഹിഷ്ണുതയ്ക്ക് ഇടമില്ല-മോദി

ലണ്ടന്‍: ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടും. എല്ലാ പൗരന്മാരുടേയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമൊന്നിച്ച് സംയുക്ത പ്രസ്താവന നല്‍കുന്നതിനിടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ മോഡി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി മോഡി ഉഭയകക്ഷി ചര്‍ച്ച നടത്തിയ ശേഷം ഇരുവരും ഫോറിന്‍ ആന്‍ കോമണ്‍വെല്‍ത്ത് ഓഫീസില്‍ സംയുക്തമായി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു

ഗാന്ധിയുടെയും ബുദ്ധന്റെയും നാടായ ഭാരതത്തില്‍ അസഹിഷ്ണുതയ്ക്ക് ഇടമില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ പത്രസ്വാതന്ത്രത്തില്‍ പ്രതിബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് യു.കെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. ഇന്ത്യയിലെ മൂന്ന് പ്രധാനനഗരങ്ങളിലെ സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ യു.കെ പങ്കാളിയാകും. അധികം വൈകാതെ, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയാകുമെന്നും കാമറൂണ്‍ നിരീക്ഷിച്ചു.

പ്രധാനമന്ത്രിമാരുടെ ചര്‍ച്ചയില്‍, ഇരുരാജ്യങ്ങളും തമ്മില്‍ 9 ബില്യണ്‍ പൗണ്ടിന്റെ സൈനികേതരആണവ ഉടമ്പടിയാണ് ഒപ്പുവച്ചത്. തീവ്രവാദ, തീരദേശ സുരക്ഷാ പ്രശ്‌നങ്ങളും സാമ്പത്തിക മേഖലകളിലെ സംയുക്ത പ്രവര്‍ത്തനവും ഇതോടൊപ്പം ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ പ്രമുഖ ബ്രിട്ടീഷ് വ്യവസായികളുമായും മോഡി ചര്‍ച്ച നടത്തും.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നു രാവിലെയാണ് ബ്രിട്ടനിലെത്തിയത്. ലണ്ടനിലെ ഹീത്രുവിലാണ് മോഡി വിമാനമിറങ്ങിയിരുന്നത്.

നാളെ എലിസബത്ത് രാജ്ഞി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കുന്ന മോഡി, ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇതോടെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോഡി. തുടര്‍ന്ന് പാര്‍ലമെന്റ് ചത്വരത്തിലെ ഗാന്ധി പ്രതിമയില്‍ മോഡി പുഷ്പാര്‍ച്ചന നടത്തും. ലണ്ടനില്‍ വ്യവസായ ഭീമന്‍മാരായ റോള്‍സ് റോയ്‌സ്, വോഡഫണ്‍ എന്നീ കമ്പനികളുടെ മേധാവികളുമായി മോഡി ചര്‍ച്ച നടത്തും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ മോഡിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

Top