ദുബായിയില്‍ നിന്ന് 2000 കിലോ സ്വര്‍ണ്ണം കടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്തുകാരന്‍ പിടിയില്‍

ന്യൂഡല്‍ഹി:ദുബായിയില്‍ നിന്ന് രണ്ടായിരം കിലോയിലധികം സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കള്ളക്കടത്തുകാരനെ റവന്യൂ ഇന്റലിജന്‍സ് ഡല്‍ഹി യൂണിറ്റ് വലയിലാക്കി. ഹര്‍നേക് സിംഗാണ് റവന്യു ഇന്റലിജന്‍സിന്റെ നീണ്ടകാലത്തെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത്.

600 കോടി വിലമതിക്കുന്ന 2,000 കി.ഗ്രാം സ്വര്‍ണമെങ്കിലും ഇയാള്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 300 കോടി വിലമതിക്കുന്ന സ്വര്‍ണ്ണകട്ടികളാണ് ഇയാള്‍ ദുബായില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍നേക് സിംഗിനെ അറസ്റ്റ് ചെയ്ത ഇന്റലിജന്‍സ് സംഘം ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായില്‍ നിന്ന് കൊറിയറായി ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തെത്തിയ 52 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏതാണ്ട് 15 കോടി വിലമതിക്കും.
മെയ് 13-ന് മുണ്ട്ര തുറമുഖത്ത് നിന്ന് കണ്ടെയ്‌നറില്‍ ഡല്‍ഹിയിലേക്ക് കൊണ്ടു വരികയായിരുന്ന 44 കിലോ സ്വര്‍ണം ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു.

ഹര്‍നേക് സിംഗിന്റെ ഡല്‍ഹിയിലെ ഫാക്ടറിയിലേക്കായിരുന്നു ഈ സ്വര്‍ണം കൊണ്ടു പോയത്.സ്വര്‍ണം പിടിച്ചെടുത്ത ഡിആര്‍ഐ ഹര്‍നേക് സിംഗിന്റെ ഫാക്ടറി വിലാസത്തിലേക്ക് വരുന്ന എല്ലാ കൊറിയറുകളും പിടിച്ചെടുക്കണമെന്ന് രാജ്യത്തെ ഏല്ലാ തുറമുഖങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ദുബായില്‍ നിന്ന് വേറെയും കപ്പലുകളില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

ഡിആര്‍ഐ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തിയ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഗാന്ധിധാമില്‍ നിന്ന് 52 കിലോ സ്വര്‍ണം കൂടി പിടിച്ചെടുത്തു. മുട്ടകള്‍ കൊണ്ടു വരുന്ന പൗള്‍ട്രി ഇന്‍ക്യൂബേറ്ററില്‍ ഒളിപ്പിച്ചായാരുന്നു സ്വര്‍ണം കടത്തി കൊണ്ടിരുന്നത്.
ദുബായിലുള്ള ഹര്‍നേക് സിംഗിന്റെ ബന്ധുവാണ് അവിടെ നിന്നും സ്വര്‍ണം ഇന്ത്യയിലേക്ക് അയക്കുന്നത്.

ഹവാല ശൃംഖലയിലൂടെയായിരുന്നു പണമിടപാടുകളെല്ലാം എന്നതിനാല്‍ സ്വര്‍ണത്തിന് വില കൊടുത്തതിനോ വാങ്ങിയതിനോ യാതൊരു രേഖയും ലഭ്യമല്ല.വളരെ വര്‍ഷങ്ങളായി ഇയാള്‍ സ്വര്‍ണ്ണകടത്ത് നടത്തുന്നുണ്ടെന്നും എന്നാല്‍ മറ്റു സ്വര്‍ണകടത്തുകാരെ പോലെ വിമാനങ്ങളെ ആശ്രയിക്കാതെ പൂര്‍ണമായും കടല്‍മാര്‍ഗ്ഗമായിരുന്നു സ്വര്‍ണ്ണകടത്ത് എന്നതിനാലാണ് ഇക്കാര്യം പുറത്തറിയാതെ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വളരെ ലളിതമാണ് സിംഗിന്റെ സ്വര്‍ണകടത്ത്. മുട്ട കേടാക്കാതെ സൂക്ഷിക്കാനുള്ള ഇന്‍ക്യൂബേറ്ററുകളും മറ്റും ഇയാള്‍ ദുബായില്‍ നിന്ന് വാങ്ങും. ദുബായിലുള്ള ബന്ധു ഇതിനുള്ളില്‍ അന്‍പത് കിലോ വരെ സ്വര്‍ണം വിദഗ്ദ്ധമായി ഒളിപ്പിക്കും. കട്ടിയുള്ള സില്‍വര്‍ ഗ്രേ പേപ്പറുകളില്‍ പൊതിയുന്ന സ്വര്‍ണകട്ടികള്‍ ഇന്‍ക്യൂബേറ്ററിന്റെ മെറ്റാലിക് കേസാക്കി മാറ്റിയാണ് ഒളിപ്പിക്കുന്നത്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കോഫോപോസോ നിയമപ്രകാരം കേസെടുക്കുമെന്ന് ഡിആര്‍ഐ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതുവരെ ഇന്ത്യയിലേക്ക് കടത്തിയ 2,000 കിലോ സ്വര്‍ണ്ണത്തിന്റെ നികുതിയും ഇയാളില്‍ നിന്ന് ഈടാക്കാനാണ് ഡിആര്‍ഐയുടെ തീരുമാനം.

ഹര്‍നേക് സിംഗിന്റെ വീട്ടിലും ഫാക്ടറിയിലുമായി നടത്തിയ പരിശോധനയില്‍ ഹവാല ഇടപാടുകള്‍ സംബന്ധിച്ച പല തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹര്‍നേക് സിംഗും സഹോദരനും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പോര്‍ഷേ, മിനി കൂപ്പര്‍, ബിഎംഡെബ്യൂ തുടങ്ങി 11-ഓളം ആഡംബരകാറുകളുടെ ഉടമസ്ഥനാണ് ഹര്‍നേക് സിങ്. ഇവയെല്ലാം ഇപ്പോള്‍ റവന്യൂ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലാണ്. ഡല്‍ഹിയില്‍ മൂന്ന് ഫാക്ടറികളും ഇയാളുടെ പേരിലുണ്ട്.

Top