
കൊച്ചി:സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടൽ നടത്തിയ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു .അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. നേരത്തെ ഇയാൾക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ശിവശങ്കറിന്റെ നിർദേശം അനുസരിച്ച് കേസിലെ പ്രതികൾക്ക് ഫ്ളാറ്റ് എടുത്ത് നൽകിയതായി അരുൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ സ്വർണം പിടികൂടിയ ജൂലൈ അഞ്ചാം തിയതി അനിൽ രണ്ട് തവണ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കൂടാതെ സ്വപ്‌നയും ഇതിനെ കുറിച്ച് മൊഴി നൽകിയിരുന്നു.സ്വപ്നയെ വിളിച്ച മറ്റ് ചിലരെയും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്‌നയ്ക്ക് ഒളിവിൽ പോകാൻ ഇവരിൽ ചില ആളുകൾ സഹായം നൽകിയതായാണ് വിവരം.
കൂടാതെ കേസിൽ പ്രോട്ടോകോൾ വീഴ്ചകൾ സുപ്രധാനമെന്ന് എൻഐഎ വിലയിരുത്തിയിരുത്തിയിരുന്നു. അന്വേഷണം ഉന്നത ബന്ധം സ്ഥിരീകരിക്കുന്ന ഘട്ടത്തിലാണെന്നും 2017 ജൂലൈയ്ക്ക് ശേഷം നയതന്ത്ര ബാഗേജിന് പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ഇല്ലെങ്കിൽ അത് ഉന്നത ഇടപെടലിന് തെളിവെന്നും എൻഐഎ അധികൃതർ വ്യക്തമാക്കി.