
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഒരാഴ്ചക്കിടെ മൂന്നു പിഞ്ചു കുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംഭവത്തില്‍ അപലപിച്ച കെജ്‌രിവാള്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണറും എന്തെടുക്കുകയാണെന്നും ചോദിച്ചു.
സ്ത്രീകള്‍ക്കു സുരക്ഷയൊരുക്കുന്നതില്‍ ഡല്‍ഹി പൊലിസ് തോറ്റുപോയിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നു പൊലിസിന്റെ നിയന്ത്രണം ഡല്‍ഹി സര്‍ക്കാരിനു വിട്ടുനല്‍കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങും യോഗം ചേരണമെന്നു ബലാത്സംഗത്തിനിരയായ കുട്ടികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി പൊലിസിന്റെ നിയന്ത്രണം പ്രധാനമന്ത്രിക്കു വേണമെങ്കില്‍ ഈ സംഭവത്തില്‍ മറുപടി പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോടു കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി ഭരണം കെജ്‌രിളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്കാണെങ്കിലും പൊലിസിന്റെ നിയന്ത്രണം കേന്ദ്രത്തിനാണ്. കെജ്‌രിവാള്‍ ഭരണത്തിലേറിയതു മുതല്‍ ഇക്കര്യത്തില്‍ പ്രശ്‌നം ഉടലെടുത്തിട്ടുണ്ട്. ഡല്‍ഹി പൊലിസിന്റെ നിയന്ത്രണം ഒരു വര്‍ഷത്തേക്കെങ്കിലും ഡല്‍ഹി സര്‍ക്കാരിനു നല്‍കണം. മെച്ചപ്പെട്ടില്ലെങ്കില്‍ തിരിച്ചെടുത്തോളൂ.. എന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ഈസ്റ്റ് ഡല്‍ഹിയിലെ നെഗ്ലോയി മേഖലയില്‍ രണ്ടര വയസ്സുകാരിയും വെസ്റ്റ് ഡല്‍ഹിയില്‍ ആനന്ദ് വിഹാര്‍ മേഖലയില്‍ അഞ്ചു വയസ്സുകാരിയുമാണ് ഇന്നലെ ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ആഴ്ച കേശവപുരത്ത് നാലു വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു.