മുംബൈ: മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. കേസില്‍ ആര്യാന്‍ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യ ഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍ നാളെയും വാദം തുടരും. എന്‍സിബിക്കെതിരെ ഇന്നും ആര്യന്‍ ഖാന്‍ കോടതിയില്‍ രംഗത്തെത്തിയിരുന്നു. തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ അന്വേഷണസംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തനിക്കെതിരെ യാതൊരു തെളിവുകളും എന്‍സിബിയുടെ കൈവശമില്ലെന്നും ആര്യന്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ ചൂടേറിയ വാദങ്ങളാണ് നടന്നത്. കേസില്‍ തുടര്‍ വാദം നാളെ രണ്ടരയ്ക്ക് ശേഷം വീണ്ടും ആരംഭിക്കും. ആര്യന്‍ മയക്കുമരുന്ന് ഉപയോക്താവ് മാത്രമല്ല, മയക്കുമരുന്ന് കടത്തില്‍ അദ്ദേഹത്തിന് പങ്കാളിത്തമുണ്ടെന്നാണ് എന്‍സിബിയില്‍ കോടതിയെ അറിയിച്ചത്. പുറത്തുവിട്ടാല്‍ തെളിവെല്ലാം നശിപ്പിക്കുമെന്നും എന്‍സിബി പറഞ്ഞു. എന്നാല്‍ ആര്യന്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ഇരകളായി കാണണമെന്നും, അല്ലാതെ കൊടുംകുറ്റവാളികളായി കാണരുതെന്നും മുകുള്‍ റോത്തഗി ഹൈക്കോടതിയെ അറിയിച്ചു. കേസിലെ മറ്റ് പ്രതികളുമായി ആര്യന് യാതൊരു ബന്ധവുമില്ല. ചെറിയൊരു അളവില്‍ മയക്കുമരുന്ന് പിടിച്ചതിന് ഇവരെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അയക്കാം. അല്ലാതെ ജയിലില്‍ അല്ല അയക്കേണ്ടതെന്നും റോത്തഗി പറഞ്ഞു.
ഇതേ കേസിലെ രണ്ട് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസില്‍ ആദ്യം അറസ്റ്റിലായവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇത് മറ്റുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള മാര്‍ഗമായി മാറുമെന്ന് എന്‍സിബിയുടെ ലീഗല്‍ ടീമും പറയുന്നു. നാളെ കോടതിയില്‍ അതിശക്തമായ വാദം തുടരുമെന്നാണ് സൂചന. ഇതിനിടെ എന്‍സിബിയുടെ അഞ്ചംഗ ടീം മുംബൈയില്‍ നാളെയെത്തും. സമീര്‍ വാങ്കഡെയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനാണിത്. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സമീറിനെ കേസില്‍ നിന്ന് മാറ്റൂ. നടപടിയും അതിനനുസരിച്ചേ ഉണ്ടാകൂ. ആര്യന്റെ അഭിഭാഷകര്‍ പക്ഷേ സമീറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ല.
ആര്യന്‍ മയക്കുമരുന്ന് ബോധപൂര്‍വം കൈവശം വെച്ചിട്ടില്ലെന്ന് മുകുള്‍ റോത്തഗി പറഞ്ഞു. അര്‍ബാസ് മെര്‍ച്ചന്റ് ആര്യന്റെ വേലക്കാരനല്ല. ആര്യന്റെ നിയന്ത്രണത്തിലും ഉള്ള വ്യക്തിയല്ല അദ്ദേഹം. അതുകൊണ്ട് ആര്യന് ജാമ്യം നിഷേധിക്കാനാവില്ല. ആര്യന് വിവാദങ്ങളെ കുറിച്ച് ആലോചിച്ച് ഭയമില്ലെന്നും ആര്യന്‍ പറഞ്ഞു. ആര്യനെ ക്രൂയിസ് ഷിപ്പിലേക്ക് വിളിച്ച് വരുത്തിയതില്‍ തന്നെ ഗൂഢാലോചനയുണ്ടെന്നാണ് റോത്തഗി പറയുന്നത്. ക്രൂയിസ് ഷിപ്പില്‍ നടന്ന കാര്യങ്ങളുമായി വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് ബന്ധമില്ല. രണ്ട് വര്‍ഷം മുമ്പുള്ളതാണ്. ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ല. തെറ്റായ രീതിയിലുള്ള അറസ്റ്റാണിതെന്നും റോത്തഗി പറഞ്ഞു.
ആര്യന്‍ ഖാന് ജാമ്യം കിട്ടിയാല്‍ ചില നിയന്ത്രണങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. മകന്‍ ചെയ്ത കുറ്റം എന്താണെന്ന് കൃത്യമായി ഇപ്പോഴും ഷാരൂഖിനും ഗൗരി ഖാനും അറിയില്ല. പക്ഷേ എത്രയും പെട്ടെന്ന് ജയിലില്‍ നിന്ന് പുറത്തിറക്കി, കുറച്ച് മാസത്തേക്ക് വീട്ടുതടങ്കലില്‍ മകനെ വെക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടികളും ഗെറ്റുഗതറുകളും അനുവദിക്കില്ല. രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാനും അനുവദിക്കില്ല. ആര്യന്റെ സുഹൃത്തുക്കളുടെ കാര്യത്തിലും ഷാരൂഖ് ഖാന്‍ നിയന്ത്രണം കൊണ്ടുവരും. ചെറിയ പ്രശ്‌നം വരാന്‍ പോലും സാധ്യതയുള്ളവരെ സുഹൃദ്ബന്ധത്തില്‍ നിന്ന് ഒഴിവാക്കും.