മലപ്പുറം: മുസ്ലീം ലീഗ് നേതൃത്വത്തിനെ പരിഹസിച്ചും വെല്ലുവിളിച്ചുമുളള ഖമറുന്നിസ അന്‍വറിന്റെ മകന്‍ അസ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ലീഗുകാരാ നിനക്ക് ചൊറിയേണ്ട ഒരു ആവശ്യവുമില്ല. മുസ്ലിം എന്ന പേരു വച്ച് മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം..ആരെയെങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ..?’ തറക്കുന്ന ചോദ്യങ്ങള്‍ ലീഗ് നേതൃത്വത്തിനു നേരെ ഉയര്‍ത്തുന്നതാണ് ഫേസ്ബുക്കിലെ വരികള്‍.
ബിജെപിക്ക് സംഭാവന നല്‍കി പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ ഖമറുന്നിസ അന്‍വറിനെ സംസ്ഥാന വനിതാലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതോടെയാണ് അസ്ഹറിന്റെ പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നത്. പാണക്കാട് തങ്ങന്മാരുടെ വീട്ടില്‍ ആര് സമീപിച്ചാലും ഇതു തന്നെയാണ് ചെയ്യുകയെന്നും പിന്നെ ഇവിടെ എന്ത് വ്യത്യാസമാണുള്ളതെന്ന് അസ്ഹര്‍ ചോദിക്കുന്നു. അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിന് ഇന്നേവരെ ആരെയെങ്കിലും പുറത്താക്കിയിട്ടുണ്ടോയെന്ന് പോസ്റ്റില്‍ ചോദിക്കുന്നു. പുറത്താക്കിയത് ആകെ സേട്ടു സാഹിബിനെ മാത്രമാണെന്നും അത് എന്തിനാണെന്ന് അറിയാമല്ലോയെന്നും പോസ്റ്റില്‍ കുറിക്കുന്നു.
ചൊറിയുന്ന ലീഗുകാരാ വാ തെളിവു സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചടക്കിത്തരാം.. എന്ന വെല്ലുവിളിയോടെയാണ് അസ്ഹര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മുമ്പും നിരവധി ലീഗ് നേതാക്കള്‍ ബിജെപിയുടെ വേദി പങ്കിട്ടും ആലിംഗനം നടത്തുകയും ചെയ്തിട്ടുണ്ടെന്നും എന്തുകൊണ്ട് ഇവര്‍ക്കെതിരെ നടപടിയില്ലെന്നും പോസ്റ്റിനു താഴെ നിരവധി കമന്റുകള്‍ വന്നു. സാദിഖലി ശിഹാബ് തങ്ങള്‍ ബാബാ രാംദേവിനെ കോഴിക്കോട് നടന്ന പരിപാടിയില്‍ ആലിംഗനം ചെയ്തതു മുതല്‍ ഹൈദരലി തങ്ങള്‍ ബിജെപിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് വിവി പ്രകാശിന് കൈകൊടുത്ത സംഭവങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി. എം.കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, എന്‍ ഷംസുദ്ദീന്‍, കെ.എം ഷാജി തുടങ്ങിയവരുടെ ബിജെപിയെ കുറിച്ചുള്ള കഴിഞ്ഞ കാല പരാമര്‍ശങ്ങളും വേദിപങ്കിടലുമെല്ലാം ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്.
ഡോ.ഖമറുന്നിസ അന്‍വറിന്റെ മൂന്ന് മക്കളില്‍ മൂത്ത മകനാണ് അസ്ഹര്‍. കോഴിക്കോട് സ്ഥിരതാമസമാക്കിയ അസ്ഹര്‍ ബിസിനസുകാരനാണ്. അസ്ഹര്‍ ഫേസ്ബുക്കില്‍ കുറിച്ചതിനു പുറമെ ബാബാ രാംദേവിനൊപ്പം സാദിഖലി തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോയും ഖമറുന്നിസ വിഷയത്തില്‍ ലീഗിനെതിരെയുള്ള പോസ്റ്റുകളും ഷെയര്‍ ചെയ്തതായി കാണാം. ലീഗിനെതിരെ കടുത്ത ഭാഷയിലാണ് അസ്ഹര്‍ വെല്ലുവിളിയുമായെത്തിയത്.
അസ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്:
‘കമറുന്നിസ അന്‍വര്‍ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു, ചെറിയ ഒരു സംഘ്യ കൊടുത്തു ബിജെപിയുടെ…. പാണക്കാട് തങ്ങന്മാര്‍ ഇതേ പരിപാടി ആരു സാമ്പത്തിക പ്രശ്‌നം പറഞ്ഞു ചെന്നാലും ഒരു ചെറിയ സംഘ്യ കൊടുത്തു പരിഹരിക്കാന്‍ തുടക്കമിടുന്നു. ആരു ചെന്നാലും… എന്താ വ്യത്യാസം? ലീഗ്കാരാ നിനക്കു ചൊറിയേണ്ട ഒരു ആവശ്യവുമില്ല. മുസ്ലിം എന്ന പേരു വച്ചു മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വര്‍ഗ്ഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം, ആരെ എങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ? പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രം, എന്തിനാന്നറിയല്ലോ? ചൊറിയുന്ന ലീഗ് കാരാ വാ, തെളിവ് സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചെടുക്കിത്തരാം.’