ജയ്പ്പൂർ:രാജസ്ഥാനിൽ ഇനി കോൺഗ്രസ് ഭരണം തുടങ്ങി . മമതാ ബാനർജിയും അഖിലേഷ് യാദവും വിട്ടുനിന്നത് മഹാസഖ്യത്തിന് തിരിച്ചടിയായിരിക്കയാണ് . രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും ആണ് അധികാരമേറ്റത് . ജയ്പ്പൂരിലെ ആൽബർട്സ് ഹാൾ ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ചടങ്ങിൽ പങ്കെടുത്തിരുന്നു. വസുന്ധര രാജെ സിന്ധെ, എൻസിപി അധ്യക്ഷൻ ശരത് പവാർ, കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആർജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ,ജെഎംഎം നേതാവ് ഹേമന്ത് സോറൻ, ജെവിഎം നേതാവ് ബാബുലാൽ മറാഡി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ആയിര്കകണക്കിന് അണികളും ആൽബർട്സ് ഹാൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നിരുന്നു. സമാദജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായവതി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവർ ചടങ്ങിൽ നിന്നും വിട്ടു നിന്നു. രാജസ്ഥാനിൽ ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. മമതാ ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്റെ പ്രതിനിധിയെ അയച്ചിരുന്നു. എന്നാൽ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ മായാവതിയും അഖിലേഷ് യാദവും തയാറായിട്ടില്ല.
മുഖ്യമന്ത്രി പദത്തിനായി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ഗെലോട്ടിന് നറുക്ക് വീഴുകയായിരുന്നു. 67കാരനായ ഗെലോട്ട് അഞ്ച് തവണ ജോധ്പൂരിൽ നിന്നുള്ള എംപിയായിരുന്നു. അഞ്ച് തവണ സർദാർപുര മണ്ഡലത്തിൽ നിന്നും നിയമസഭയിലും എത്തി. ടോങ്ക് മണ്ഡലത്തിൽ നിന്നുമാണ് സച്ചിൻ പൈലറ്റ് ഇക്കുറി നിയമസഭയിൽ എത്തുന്നത്. 2013ലേറ്റ കനത്ത തിരിച്ചടിയിൽ നിന്നും പാർട്ടിയെ കരകയറ്റിയത് 41കാരനായ സച്ചിൻ പൈലറ്റിന്റെ തന്ത്രങ്ങളായിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാൽ പരേഡ് മൈതാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റായ്പൂരിൽ വൈകീട്ട് നാലരയക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലും സത്യപ്രതിജ്ഞ ചെയ്യും.