വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു

ഗുഡ്ഗാവ്: വിഎച്ച്പി അന്തര്‍ദേശീയ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും മാര്‍ഗദര്‍ശകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ അശോക് സിംഗാള്‍ (89) അന്തരിച്ചു. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം.

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിംഗാള്‍ സുഖം പ്രാപിച്ച ശേഷം ഇക്കഴിഞ്ഞ 12ന് ആശുപത്രി വിട്ടതാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും കഠിനമായ ശ്വാസംമുട്ടും നെഞ്ചു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച മുതല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു സിംഗാള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഹൃദയത്തിനും വൃക്കയ്ക്കുമാണ് സിംഗാളിന് തകരാറുണ്ടായിരുന്നത്. ശ്വാസതടസ്സവുമുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കണ്ണ് തുറന്ന് നോക്കിയിരുന്നെങ്കിലും എന്തെങ്കിലും സംസാരിക്കാനോ പ്രതികരിക്കാനോ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.

കഴിഞ്ഞ മൂന്ന് ദിവസമായിട്ടും മരുന്നുകളോട് പ്രതികരിക്കുന്നതിന്റെ സൂചനകളുമില്ലായിരുന്നു. കഴിഞ്ഞ മാസം 20നാണ് അദ്ദേഹത്തെ അലഹാബാദില്‍നിന്ന് ദല്‍ഹിക്കു കൊണ്ടുവന്നത്. സിംഗാളിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് വിഎച്ച്പി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവര്‍ ശനിയാഴ്ച ആശുപത്രിയിലെത്തിയിരുന്നു.

ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കി, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഉമാഭാരതി എന്നിവര്‍ ഞായറാഴ്ച ആശുപത്രിയിലെത്തിയെങ്കിലും സിംഗാളിനെ കാണാന്‍ കഴിഞ്ഞില്ല.

 

Top